ക്രിസ്തുമസും ന്യൂ ഇയറും ; മലയാളി കുടിച്ചു തീര്‍ത്തത് 686.28 കോടി രൂപയുടെ മദ്യം

വിശേഷ ദിവസങ്ങളില്‍ പതിവ് തെറ്റിക്കാതെ മലയാളി കുടിയന്മാര്‍. കോവിഡ് നിയന്ത്രണങ്ങളില്ലാതെ നടന്ന പുതുവത്സര ആഘോഷങ്ങളില്‍ റെക്കോര്‍ഡ് വിറ്റുവരവുമായി ബെവ്‌കോ ഔട്ട്‌ലെറ്റ്. ഡിസംബര്‍ 31ന് മാത്രം ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ വിറ്റഴിച്ചത് 107.14 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷമിത് 95.67 കോടിയായിരുന്നു. വില്‍പ്പനയില്‍ ഒരു കോടി കടന്ന് തിരുവനന്തപുരം പവര്‍ഹൗസ് റോഡ് ബെവ്‌കോ ഔട്ട്‌ലെറ്റ് റെക്കോര്‍ഡിട്ടു. ഇവിടെ 1.13 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.

കഴിഞ്ഞ ക്രിസ്മസ് വില്പനയില്‍ ആശ്രമം ബെവ്‌കോ ഔട്ട്‌ലെറ്റ് നേടിയ ഒരു കോടി രൂപയാണ് ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ്. ഇതാണ് തിരുവനന്തപുരം പവര്‍ഹൗസ് റോഡ് ഔട്ട്‌ലെറ്റ് ഇത്തവണ മറികടന്നത്. ന്യൂ ഇയര്‍ വില്‍പ്പനയില്‍ രണ്ടാം സ്ഥാനം ആശ്രമം ഔട്ട്‌ലെറ്റിനാണ് 96.59ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വില്പന നടന്നത്. മൂന്നാം സ്ഥാനം പാലാരിവട്ടം രവിപുരം ഔട്ട്‌ലെറ്റിനാണ്. ഇവിടെ 88.01 ലക്ഷം രൂപയുടെ വില്പനയാണുണ്ടായത്.ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള ക്രിസ്മസ് – ന്യൂ ഇയര്‍ വില്‍പ്പനയിലും ബെവ്‌കോ ഇത്തവണ റെക്കോര്‍ഡ് ഇട്ടു. 686.28 കോടി രൂപയുടെ മദ്യമാണ് ഈ പത്ത് ദിവസംകൊണ്ട് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷമിത് 649.30 കോടി രൂപയായിരുന്നു. 686.28 കോടിയുടെ ക്രിസ്മസ് ന്യൂ ഇയര്‍ വില്‍പ്പനയില്‍ 600 കോടിയും സര്‍ക്കാരിനുള്ള ലാഭമാണ്.