തലസ്ഥാനം ഇനി 24 മണിക്കൂറും ഓണ്‍
കേരളത്തിന്റെ തലസ്ഥാന നഗരം മുഴുവന്‍ സമയവും കണ്ണുതുറക്കും. തിരുവനന്തപുരത്ത് നൈറ്റ് ലൈഫ് പദ്ധതികളുമായി സര്‍ക്കാര്‍. സംസ്ഥാന ടൂറിസം പ്രോമഷന്റെ ഭാഗമായി രാത്രികാല നഗര ജീവിതം ആസ്വാദിക്കുന്നതിനായാണ് പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കുന്നത്. കഴക്കൂട്ടം മുതല്‍ ട്രാവന്‍കൂര്‍മാള്‍ വരെയാണ് ആദ്യ ഘട്ടം പദ്ധതി പ്രവര്‍ത്തികള്‍ നടത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. അതോടൊപ്പം മാനവീയത്തും, പട്ടം മുതല്‍ കവടിയാര്‍ വരെയും പദ്ധതിയുടെ ഭാഗമായി വിവിധ നടപടികള്‍ സ്വീകരിക്കും.
ഇതോടെ ഹോട്ടലുകളും തട്ടുകടകളും എല്ലാം 24 മണിക്കൂറും തുറന്നിരിക്കും. ഇതിനായി ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും പ്രത്യേക ലൈസന്‍സ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.ടെക്നോപാര്‍ക്, ഇന്‍ഫോസിസ്, യൂ.എസ്.ടി ഗ്ലോബല്‍, ലുലു മാള്‍, ട്രാവന്‍കൂര്‍ മാള്‍ എന്നിവയെയും ആദ്യഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
ശംഘുമുഖം ബീച്ച്, മാനവീയം വീഥി എന്നിവയാണ് രണ്ടാഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇതിന്റെ ഭാഗമിയി ശംഖുംമുഖത്ത് കൂടുതല്‍ കടകള്‍ ഉള്‍പ്പടെ സ്ഥാപിക്കും. യൂണിഫോമും ഫുഡ് ലൈസന്‍സും കട നടത്തുന്നവര്‍ക്ക് നല്‍കും. രാത്രിയില്‍ വിനോദത്തിനായി ആളുകള്‍ക്ക് ഒന്നിച്ച് കൂടാന്‍ പറ്റിയ കേന്ദ്രമാക്കി ശംഖുംമുഖത്തെ മാറ്റുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി ശംഘുമുഖത്ത് അമ്യൂസ്മെന്റ് പാര്‍ക്ക് സ്ഥാപിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗെയിമിങ്ങ് ഉള്‍പ്പടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന സംവിധാനങ്ങളും ഒരുക്കും. മുത്തുച്ചിപ്പി പാര്‍ക്ക് സീ വ്യൂ കഫേയാക്കി മാറ്റും. സഞ്ചാരികള്‍ക്ക് ഇഷ്ടമുള്ള വിഭങ്ങള്‍ ഇവിടെ ഉള്‍പ്പെടുത്തും. കൂടാതെ കുടുംബശ്രീയുടെ സംരഭങ്ങള്‍ വിറ്റഴിക്കാനുള്ള വിപണന കേന്ദ്രമാക്കി പ്രദേശത്തെ മാറ്റാനും ആലോചനയുണ്ട്.
കൂടുതല്‍ വഴിവിളക്കുകള്‍, നൈറ്റ് വിഷന്‍ ക്യാമറകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ സ്ഥാപിക്കും. നൈറ്റ് ലൈഫ് പദ്ധതിയുടെ ഭാഗമായി കലാപരിപാടികള്‍ അവതരിപ്പിക്കും. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാവും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുക. പൊതുജനങ്ങള്‍ക്കും, സംഘടനകള്‍ക്കും ഇവിടെ പൊതുപരിപാടികള്‍ അവതരിപ്പിക്കാനുള്ള സൗകര്യം നല്‍കും. സ്വകാര്യ കമ്പനികള്‍ അടക്കമുള്ള വഴികളിലൂടെയാണ് സര്‍ക്കാരും നഗരസഭയും പദ്ധതി ചിലവിനായുള്ള പണം കണ്ടെത്തുന്നത്. നിലവില്‍ ജില്ലയില്‍ നടക്കുന്ന പല മേളകള്‍ക്കും വമ്പിച്ച ജനക്കൂട്ടം ആണ് എന്നും വന്നു ചേരുന്നത്.