നോട്ട് നിരോധനം ; കേന്ദ്ര തീരുമാനം കോടതി ശരിവച്ചെന്ന പ്രചാരണം തെറ്റ് എന്ന് സീതാറാം യെച്ചൂരി
നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ കോടതി ശരിവച്ചെന്ന പ്രചാരണം തെറ്റെന്ന് സീതാറാം യെച്ചൂരി. കേന്ദ്രത്തിന് ഇത്തരം തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്നാണ് വിധിയില്‍ പറയുന്നത്. എന്നാല്‍ പാര്‍ലമെന്റിനെ മറികടക്കാന്‍ പാടില്ലായിരുന്നു എന്നാണ് ജസ്റ്റിസ് നഗരത്‌ന പറയുന്നത് . നോട്ട് നിരോധനത്തിന്റെ ആഘാതത്തെ കുറിച്ച് ഉത്തരവിലില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ചെറുകിട വ്യവസായത്തെ തകര്‍ത്തു. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിച്ചു. പാര്‍ലമെന്റിന്റെ അധികാരമില്ലാതെ ഇത്തരം തീരുമാനമെടുക്കാന്‍ അവകാശമില്ലെന്ന് യെച്ചൂരി പറഞ്ഞു.
അതേസമയം നോട്ട് നിരോധനം ശരിവെച്ച സുപ്രിം കോടതി വിധിയും പൊക്കിപ്പിടിച്ച് പ്രതിപക്ഷം മാപ്പ് പറയണമെന്ന് പറയുന്ന ബി ജെ പി യുടെ തൊലിക്കട്ടി അപാരമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.നോട്ട് റദ്ദാക്കലിലൂടെ എന്ത് നേടി.സാമ്പത്തിക വളര്‍ച്ച താഴേക്ക് പോയി.15 ലക്ഷം കോടി വരുമാനം ഇല്ലാതായി.52 ദിവസം സമയം നല്‍കിയെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം അസംബന്ധമാണ്.മോദിയെ ജനകീയ കോടതിയില്‍ വിചാരണ ചെയ്യണം.മറിച്ചൊരു വിധി പ്രതീക്ഷിക്കാന്‍ മാത്രം ആരും നിഷ്‌കളങ്കരല്ലെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധന നടപടിയെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രിം കോടതിയുടെ പരിഗണനയിലെത്തിയത്. നോട്ട് നിരോധിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.58 ഹര്‍ജികളാണ് പരിഗണിച്ചത്. 2016 നവംബര്‍ 8നാണ് രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ജസ്റ്റിസ് ബി വി നാഗരത്‌ന ഭിന്ന വിധി രേഖപ്പെടുത്തി. നിയമനിര്‍മാണത്തിലൂടെയോ ഓര്‍ഡിനന്‍സിലൂടെയോ ആയിരുന്നു നോട്ടുനിരോധനം നടപ്പാക്കേണ്ടിയിരുന്നതെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന പറഞ്ഞു. ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നടപടിക്രമങ്ങളും നിയമസാധുതയും പരിശോധിച്ചത്. ബെഞ്ചിലെ ജസ്റ്റിസുമാരായ ബി.ആര്‍. ഗവായിയും ബി.വി. നാഗരത്നയുമാണ് വിധിയെഴുതിയത്.
നോട്ടുനിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ നല്ലതല്ലെന്ന് വിധിയില്‍ ജസ്റ്റിസ് ഗവായി വ്യക്തമാക്കി. സര്‍ക്കാര്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയെന്നാണ് വ്യക്തമാകുന്നത്. സാമ്പത്തിക വിഷയങ്ങളില്‍ സര്‍ക്കാരിന് തന്നെയാണ് പരമാധികാരം. നോട്ട് നിരോധനത്തിലൂടെ സര്‍ക്കാര്‍ എന്താണോ ലക്ഷ്യമിട്ടത് അത് നേടാനായോ എന്നത് ഇപ്പോള്‍ പ്രസക്തമല്ലെന്നും കോടതി പറഞ്ഞു. നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്ന സര്‍ക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചു. അഞ്ച് ജഡ്ജിമാരില്‍ മൂന്ന് ജഡ്ജിമാര്‍ ഗവായിയുടെ വിധിയോട് യോജിച്ചു.