ബി ജെ പിയുമായി പിണറായിക്ക് രഹസ്യബാന്ധവം ; വി ഡി സതീശന്‍
ബി.ജെ.പിക്കെതിരെ പൊതുവേദിയില്‍ മാത്രം സംസാരിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രഹസ്യമായി ബി.ജെ.പിയുമായി ബാന്ധവത്തിലേര്‍പ്പെടാന്‍ പിണറായിക്ക് ഒരു മടിയുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി ബാന്ധവമുണ്ടാക്കി. സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെല്ലാം ഒരു സുപ്രഭാതത്തില്‍ അവസാനിച്ചു. ഇതിന് പകരമായി കൊടകര കുഴല്‍പണ കേസ് ബി.ജെ.പി നേതാക്കള്‍ക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാരും അവസാനിപ്പിച്ചുവെന്ന് സതീശന്‍ പറഞ്ഞു.
ഇരു കൂട്ടരും കേസുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ച് ബാന്ധവത്തില്‍ ഏര്‍പ്പെടുകയാണ്. ഇതിന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്. പകല്‍ സംഘപരിവര്‍- സി.പി.എം വിരോധം പറയുകയും രാത്രിയില്‍ സന്ധി ചെയ്യുന്നവരുമാണ് കേരളത്തിലെ ബി.ജെ.പി- സി.പി.എം നേതാക്കാളെന്നും അദ്ദേഹം പറഞ്ഞു കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. എല്‍.ഡി.എഫ് ദുര്‍ബലമായാല്‍ അതിന്റെ ഗുണം യു.ഡി.എഫിന് ലഭിക്കുകയും കേരളത്തില്‍ ബി.ജെ.പി അപ്രസക്തമാകുകയും ചെയ്യും. അതുകൊണ്ടാണ് തെളിവുകളുണ്ടായിട്ടും സി.പി.എം നേതാക്കള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എങ്ങും എത്താതെ പോയത്.
ആനാവൂര്‍ നാഗപ്പനും വി.വി രാജേഷും ഒന്നിച്ചാണ് വിഴിഞ്ഞത്തെ പാവങ്ങള്‍ക്കെതിരെ സമരം ചെയ്തത്. അദാനിക്ക് വേണ്ടിയാണ് സി.പി.എമ്മും ബി.ജെ.പിയും തിരുവനന്തപുരത്ത് ഒന്നിച്ചത്. ആര്‍.എസ്.എസ് ആചാര്യനെന്ന് അറിയപ്പെടുന്ന ഗോള്‍വാള്‍ക്കര്‍ ‘ബെഞ്ച് ഓഫ് തോട്ട്സ്’ എന്ന പുസ്തകത്തില്‍ ഭരണഘടനയ്ക്ക് എതിരെ പറഞ്ഞിരിക്കുന്ന അതേ കാര്യങ്ങള്‍ പറഞ്ഞതിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രി സ്ഥാനത്ത് നിന്നും പുറത്ത് പോകേണ്ടി വന്നത്. ഗോള്‍വാള്‍ക്കറുടെ ബെഞ്ച് ഓഫ് തോട്ട്സും സജി ചെറിയാന്റെ പ്രസംഗവും താതമ്യപ്പെടുത്തിയതിന് പ്രതിപക്ഷ നേതാവിനെതിരെ ആര്‍.എസ്.എസ് കേസ് കൊടുത്തിരിക്കുകയാണ്. എന്നിട്ടാണ് അതേ സജി ചെറിയാനെ മന്ത്രി സഭയിലേക്ക് കൊണ്ടു വരുന്നത്.