മെഡലുകള്‍ മോഷണം പോകുമോ എന്ന ഭയം ; 19 ലക്ഷത്തിന്റെ നായയെ വാങ്ങി അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനെസ്

ലോകകപ്പ് മെഡലുകള്‍ കള്ളന്‍ കൊണ്ട് പോകുമോ എന്ന ഭയത്തില്‍ വീട്ടുകാവലിനു 19 ലക്ഷത്തിന്റെ നായയെ വാങ്ങി അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനെസ്. പ്രത്യേക സൈനിക പരിശീലനം ലഭിച്ച നായയെയാണ് താരം സ്വന്തമാക്കിയത്. യു.എസ് നേവീ സീല്‍സിലുണ്ടായിരുന്ന നായയെ 20,000 യൂറോ ഏകദേശം 19 ലക്ഷം രൂപ മുടക്കിയാണ് മാര്‍ട്ടിനസ് സ്വന്തമാക്കിയത്. ഡെയിലി മെയിലും മാര്‍സയുമടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സ് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ്, മുന്‍ ചെല്‍സി താരം ആഷ്ലി കോള്‍ തുടങ്ങിവര്‍ക്കെല്ലാം ഈ നായയുണ്ട്.

ഖത്തര്‍ ലോകകപ്പില്‍ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയത് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസായിരുന്നു. ലോകകപ്പിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം ലഭിക്കുന്ന ആദ്യ അര്‍ജന്റീനക്കാരന്‍ കൂടിയാണ് താരം. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിനെതിരേയും ഫൈനലില്‍ ഫ്രാന്‍സിനെതിരേയും മാര്‍ട്ടിനെസിന്റെ കൈകള്‍ അര്‍ജന്റീനയ്ക്ക് രക്ഷയായി. ഈ രണ്ട് മത്സരത്തിലും പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീനയുടെ ജയം. അതുപോലെ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ഖത്തര്‍ ഭരണാധികാരികളുടെയും ഫിഫ തലവന്മാര്‍ക്കും മുന്നില്‍ ഗോള്‍ഡന്‍ ഗ്ലൗവുമായി മാര്‍ട്ടിനസ് നടത്തിയ ആഘോഷ പ്രകടനം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.