തിയറ്ററില്‍ ഭക്ഷണപാനീയങ്ങള്‍ പുറത്തുനിന്ന് കൊണ്ടുവരുന്നത് തിയറ്ററുടമകള്‍ക്ക് നിയന്ത്രിക്കാമെന്ന് സുപ്രീം കോടതി ; കുടിവെള്ളം ഫ്രീ ആയിട്ട് നല്‍കണം
സിനിമാ തിയറ്ററിനുള്ളില്‍ ഭക്ഷണപാനീയങ്ങള്‍ പുറത്തുനിന്ന് കൊണ്ടുവരുന്നത് നിയന്ത്രിക്കാന്‍ തിയറ്ററുടമകള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. സിനിമാ ഹാളുകള്‍ ഉടമസ്ഥരുടെ സ്വകാര്യ സ്വത്താണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. അതേസമയം ശുദ്ധമായ കുടിവെള്ളം പണം ഈടാക്കാതെ സിനിമ കാണാന്‍ വാങ്ങുന്നവര്‍ക്ക് ലഭ്യമാക്കാന്‍ തിയറ്റര്‍ നടത്തിപ്പുകാര്‍ ശ്രദ്ധിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ”സിനിമാ ഹാള്‍ തിയറ്റര്‍ ഉടമയുടെ സ്വകാര്യ സ്വത്താണ്. അത്തരം നിബന്ധനകളും വ്യവസ്ഥകളും പൊതുതാല്‍പ്പര്യത്തിനും സുരക്ഷയ്ക്കും ക്ഷേമത്തിനും വിരുദ്ധമല്ലാത്തിടത്തോളം കാലം നിബന്ധനകളും വ്യവസ്ഥകളും മുന്നോട്ടുവെക്കാന്‍ ഉടമയ്ക്ക് അര്‍ഹതയുണ്ട്.
ഭക്ഷണവും പാനീയങ്ങളും വില്‍ക്കാന്‍ തിയറ്റര്‍ നടത്തുന്നവര്‍ക്കുള്ളതുപോലെ, സിനിമ കാണുന്നയാള്‍ക്ക് അവ വാങ്ങാതിരിക്കാനുള്ള അവകാശവുമുണ്ട്,” കോടതി പറഞ്ഞു.സിനിമ തീയറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും എത്തുന്നവര്‍ക്ക് പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരാമെന്നും അത് തടയരുതെന്നും ജമ്മു കശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ തിയറ്റര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് സിനിമാ തീയറ്റര്‍ ഉടമകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ അധികാരമുണ്ടെന്ന് വ്യക്തമാക്കിയത്.