ഹ്യൂണ്ടായിയെ പിന്നിലാക്കി ടാറ്റ ; ഇനി മുന്നില്‍ മാരുതി മാത്രം
കാര്‍ വിപണിയില്‍ രണ്ടാം സ്ഥാനം നേടി ടാറ്റ. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളില്‍ ഒന്നായ ടാറ്റ മോട്ടോഴ്സ് 2022 ഡിസംബറില്‍ രാജ്യത്ത് ഏറ്റവുമധികം കാറുകള്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കമ്പനിയായി മാറി.വര്‍ഷങ്ങളായി മാരുതി സുസുകി കഴിഞ്ഞാല്‍ ഏറ്റവുമധികം കാറുകള്‍ വിറ്റഴിക്കുന്ന രണ്ടാമത്തെ വാഹനനിര്‍മ്മാതാക്കളെന്ന ഹ്യൂണ്ടായിയുടെ സ്ഥാനമാണ് ടാറ്റ കൈയടക്കിയത്.നെക്സോണ്‍, ആള്‍ട്രോസ്, ടിയാഗോ, പഞ്ച് തുടങ്ങിയ മോഡലുകളുടെ വില്പന ഉയര്‍ന്നതാണ് ടാറ്റയുടെ മുന്നേറ്റത്തിന് കാരണം. കൂടാതെ നെക്സോണ്‍, ടിഗോര്‍ മോഡലുകള്‍ ഇവി പതിപ്പും ടാറ്റയുടെ കുതിപ്പിന് കരുത്ത് പകര്‍ന്നു. 2023ല്‍ ആള്‍ട്രോസ് ഉള്‍പ്പടെ കൂടുതല്‍ ഇവി മോഡലുകള്‍ പുറത്തിറക്കി വിപണി കൈയടക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.
2021 ഡിസംബറില്‍ 35,299 യൂണിറ്റ് കാറുകള്‍ വിറ്റിരുന്ന ടാറ്റ ഒരു വര്‍ഷത്തിനിടെ 13.44 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ച് 2022 ഡിസംബറില്‍ 40,043 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചു.
2022 ഡിസംബറില്‍ 38,831 യൂണിറ്റുകള്‍ വിറ്റഴിച്ച ഹ്യൂണ്ടായി പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 2022 ല്‍ ടാറ്റ മോട്ടോഴ്സ് ആകെ അഞ്ച് ലക്ഷത്തിലധികം കാറുകള്‍ വിറ്റഴിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ടാറ്റയുടെ വാര്‍ഷിക കാര്‍ വില്പന അഞ്ച് ലക്ഷം യൂണിറ്റ് പിന്നിടുന്നത്.
അതേസമയം പതിവ് പോലെ മാരുതി സുസുക്കി ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഡിസംബറിലെ വില്പനയില് മാരുതി സുസുകിക്ക് 9.9 ശതമാനത്തിലേറെ ഇടിവുണ്ടായെങ്കിലും 1,13,535 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2021 ഡിസംബറില്‍ മാരുതി 1,26,031 യൂണിറ്റുകള്‍ വിറ്റിരുന്നു. ഡിസംബറിലെ വില്പനയില് ടയോട്ട കിര്‍ലോസ്ക്കറാണ് നാലാം സ്ഥാനത്ത്. 10,421 യൂണിറ്റ് കാറുകളാണ് 2022 ഡിസംബറില്‍ ടയോട്ട വിറ്റഴിച്ചത്. രാജ്യത്തെ കാര്വില്പനയില് വന്‍ വര്‍ദ്ധനവാണ് 2022ല്‍ ദൃശ്യമായത്. മൊത്തത്തില്‍, ആഭ്യന്തര പാസഞ്ചര്‍ കാര്‍ വില്‍പ്പന 2022ല്‍ 23 ശതമാനം വര്‍ധിച്ച് 37.93 ലക്ഷം യൂണിറ്റിലെത്തി. വാര്‍ഷിക വില്പനയില് മാരുതി ഒന്നാം സ്ഥാനവും ഹ്യൂണ്ടായ് രണ്ടാം സ്ഥാനവും ടാറ്റ മൂന്നാം സ്ഥാനവും നിലനിര്‍ത്തി.