അന്യഗ്രഹ ജീവികളെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തു വിടാന്‍ തയ്യാറായി അമേരിക്ക
മനുഷ്യന് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ലാത്ത ഒരു ചോദ്യമാണ് അന്യ ഗ്രഹ ജീവികള്‍ ഉണ്ടോ ഇല്ലയോ എന്നത്. അന്യഗ്രഹജീവികള്‍ യാഥാര്‍ത്ഥ്യമാണോ അതോ സങ്കല്പമാണോ എന്ന കാര്യത്തില്‍ ഒരു വ്യക്തത ഇതുവരെയും വന്നിട്ടില്ലെങ്കിലും കാലാകാലങ്ങളായി സിനിമകളായും കഥകളായും ഒക്കെ അവര്‍ നമ്മോടൊപ്പം ഉണ്ട് . ഹോളിവുഡ് സിനിമകളിലൂടെ നാം ഏറെ കണ്ടിട്ടുള്ള അന്യഗ്രഹ ജീവികളെ ചിലര്‍ സൗഹാര്‍ദ്ദപരമായി ചിത്രീകരിക്കുമ്പോള്‍ മറ്റു ചിലര്‍ അവരെ മനുഷ്യ കുലത്തിനെ ഇല്ലായ്മ ചെയ്യാന്‍ വരുന്ന അപകടകാരികളായും കാണിക്കുന്നു. എന്തുതന്നെയായാലും ഭൂമിക്കപ്പുറത്ത് ജീവനുണ്ടോ എന്ന് സ്ഥാപിക്കാന്‍ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
അതേസമയം അമേരിക്ക പോലുള്ള ലോക രാഷ്ട്രങ്ങളുടെ പക്കല്‍ ഇവരെ പറ്റിയുള്ള വിവരങ്ങള്‍ ഉണ്ട് എന്നും അവര്‍ അതൊന്നും പുറത്തു വിടാതെ ഇരിക്കുകയാണ് എന്നും പലരും ആരോപിക്കുന്നു. ഏരിയാ 51 എന്ന നിഗൂഢ സ്ഥലത്ത് അമേരിക്ക ഈ വിവരങ്ങള്‍ എല്ലാം ഒളിപ്പിച്ചു വെച്ചിരിക്കുകയാണ് എന്നും ഇവര്‍ ആരോപിക്കുന്നു. അതുകൊണ്ടുതന്നെ ഈ വസ്തുതകള്‍ കാര്യമായി പരിശോധിക്കാനുള്ള തീരുമാനത്തിലാണ് അമേരിക്ക ഇപ്പോള്‍. പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ച വാര്‍ഷിക പ്രതിരോധ നയ നിയമത്തില്‍ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള പഠനത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1945 മുതലുള്ള മുഴുവന്‍ സംഭവങ്ങളെ കുറിച്ചും പഠിക്കാനാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
ജ്യോതിശാസ്ത്രജ്ഞനായ ജാക്വസ് വല്ലി പറയുന്നതനുസരിച്ച്, ടെക്സാസിലെ സാന്‍ അന്റോണിയോയില്‍ തകര്‍ന്ന പറക്കുംതളികയുടെ അന്വേഷണത്തിനാകും ഈ തീരുമാനം ഏറെ സഹായകമാവുക, ഇത് 1945-ല്‍ വാര്‍ത്തകളില്‍ ഇടം നേടിയെങ്കിലും ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. മൂന്ന് പ്രധാന സാക്ഷികളുടെ മൊഴികളെ അടിസ്ഥാനമാക്കി സംഭവത്തില്‍ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് കൂടുതല്‍ പഠനം നടത്താനാണ് സാധ്യത. അപകട സമയത്ത് നിലം കുലുങ്ങുന്നതായി അനുഭവപ്പെട്ടന്നും അതിഭീകരമായ ശബ്ദത്തോടെ ഒരു സ്ഫോടനം നടന്നുവെന്നുമാണ് മുന്‍ യുഎസ് മറൈന്‍ റെമെ ബാക്ക് ഇതേക്കുറിച്ച് പിന്നീട് പറഞ്ഞത്.
എന്നാല്‍ സംഭവത്തിന്റെ ദൃക്സാക്ഷിയായ 86- കാരനായ ജോസ് പാഡില്ല അവകാശപ്പെട്ടത് വിചിത്ര രൂപത്തിലുള്ള ജീവികള്‍ പേടകത്തിനുള്ളില്‍ ചലിക്കുന്നത് താന്‍ കണ്ടെന്നാണ്. ഇന്നും ദുരൂഹമായി തുടരുന്ന ഈ സംഭവത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ അമേരിക്ക മനപൂര്‍വ്വം മറച്ചുവയ്ക്കുകയാണെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട് . എന്തുതന്നെയായാലും ഇപ്പോള്‍ എടുത്തിരിക്കുന്ന ഈ തീരുമാനത്തിലൂടെ മറഞ്ഞിരിക്കുന്ന പല കാര്യങ്ങളും പുറത്തുവരും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.