നഴ്‌സ് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവം ;ഹോട്ടലുകളില്‍ പരിശോധന തുടരുന്നു

നഴ്‌സ് ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ആരംഭിച്ച പരിശോധന തുടരുന്നു. കണ്ണൂരില്‍ കോര്‍പ്പറേഷന്‍ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ വ്യാപക പരിശോധന നടത്തി. നഗര പരിധിയില്‍ നടത്തിയ പരിശോധനയില്‍ 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പിടിച്ചെടുത്തതില്‍ കൂടുതലും അല്‍ഫാം, തന്തൂരി തുടങ്ങിയ ചിക്കന്‍ വിഭവങ്ങളാണ്. കണ്ണൂര്‍ നഗരത്തില്‍ മാത്രം 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. എം ആര്‍ എ ബേക്കറി, എം വി കെ റസ്റ്റോറന്റ്, സെവന്‍ത് ലോഞ്ച്, പ്രേമ കഫേ, സീതാപാനി ഹോട്ടല്‍, ബര്‍ക്ക ഹോട്ടല്‍, ഡി ഫിന്‍ലാന്റ് ഹോട്ടല്‍, ഹംസ ടീ ഷോപ്പ്, ഗ്രീഷ്മ ഹോട്ടല്‍, മറാബി റസ്റ്റോറന്റ്, കല്‍പക ഹോട്ടല്‍ എന്നിങ്ങനെ 58 ഹോട്ടലുകളില്‍ നിന്നാണ് ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചത്.

ഏഴ് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന. പുഴുവരിക്കുന്ന രീതിയിലുള്ള ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണമാണ് പിടിച്ചെടുത്തതെല്ലാം. ഭക്ഷ്യവിഷബാധകള്‍ ആവര്‍ത്തിക്കുമ്പോഴും മതിയായ രീതിയില്‍ ലാബ് പരിശോധനാ സംവിധാനം കേരളത്തിലില്ലെന്നത് തിരിച്ചടിയാണ്. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനകള്‍ ഇത്തവണയും കടലാസില്‍ മാത്രം ഒതുങ്ങി. കഴിഞ്ഞ മെയ് മാസം കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മയില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തോടെയാണ് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് വന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്. എന്നാല്‍ പ്രഖ്യാപിച്ച നടപടികള്‍ ഒന്നും മാസങ്ങള്‍ പിന്നിട്ടിട്ടും പ്രാവര്‍ത്തികമായില്ല. സംസ്ഥാനത്തെ ആറു ലക്ഷം സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ 140 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ മാത്രമാണിപ്പോഴുമുള്ളത്.

ശുചിത്വം, സൗകര്യങ്ങള്‍, ഭക്ഷണ വില എന്നിവയുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ക്ക് റേറ്റിങ്, ആപ്പ് വഴി ഹോട്ടലുകളുടെ റേറ്റിങ് നോക്കി പൊതുജനത്തിന് കയറാന്‍ കഴിയുന്ന സംവിധാനം, ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി അംഗീകരിച്ച ഏജന്‍സികളുടെ ഓഡിറ്റിങ്, ഹോട്ടലുകള്‍ക്ക് തുടര്‍ച്ചയായ ഗുണനിലവാര പരിശോധനകള്‍ എന്നിങ്ങനെയായിരുന്നു അന്നത്തെ ഉറപ്പുകള്‍. എന്നാല്‍, എട്ടു മാസങ്ങള്‍ക്കു ശേഷവും സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്ത 6 ലക്ഷം ഭക്ഷ്യവസ്തു വില്പന സ്ഥാപനങ്ങളില്‍ ഇപ്പോള്‍ ഭക്ഷ്യസുരക്ഷ ലൈസന്‍സുള്ളത് 40000 ല്‍ താഴെ എണ്ണത്തിന് മാത്രമാണ്. 6 ലക്ഷം സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ ഫീല്‍ഡില്‍ 140 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ മാത്രമാണുള്ളത്. പൊതുജനങ്ങള്‍ക്ക് പരാതി പറയാനുള്ള ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങാന്‍ ഇനിയും സമയമെടുക്കുമെന്നാണ് ഉദ്യോഗസ്ഥ തല വിശദീകരണം.

ഇന്നലെ 429 ഓളം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ വ്യത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച 22 കടകള്‍ അടപ്പിച്ചു. 21 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. 86 കടകള്‍ക്ക് നോട്ടീസ് നല്‍കി. 52 കടകള്‍ക്ക് നിലവാരം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം നോട്ടീസ് നല്‍കിയത്. തലസ്ഥാനത്ത് വ്യത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച 8 ഹോട്ടലുകള്‍ അടപ്പിച്ചു. 3 ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കി. മലപ്പുറത്ത് എട്ട് ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കി. തൃശൂരില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞ് 21 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. തൃശൂര്‍ നഗര പ്രദേശത്തിനൊപ്പം പുതുക്കാട്, നാട്ടിക എന്നിവിടങ്ങളിലായി 21 ഹോട്ടലുകളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്ത നാല് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ഹോട്ടലുടമകളോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരാകാനും നിര്‍ദ്ദേശം നല്‍കി. അതിന് ശേഷമാവും പിഴ തുക തീരുമാനിക്കുക.