മോദിയെ കണ്ടു വന്നതിനു പിന്നാലെ ഗവര്‍ണര്‍- പിണറായി പോരില്‍ മഞ്ഞുരുക്കം
പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു മടങ്ങി വന്നതിനു പിന്നാലെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ മഞ്ഞുരുകുന്നു. ഗവര്‍ണറുടെ നയപ്രഖ്യാപനം ഉണ്ടാകും. നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബര്‍ 13ന് അവസാനിച്ചതായി ഗവര്‍ണറെ അറിയിക്കും. കഴിഞ്ഞ കുറച്ച് നാളുകളായി തുടര്‍ന്നുവന്നിരുന്ന ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന് അയവുവന്നെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശത്തെ കുറിച്ച് രാജ്ഭവന്റെ തീരുമാനം ഇന്നലെ വന്നതോടെ സര്‍ക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയാണ്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം അവസാനിച്ച കാര്യം ഗവര്‍ണറെ ഇതുവരെ അറിയിച്ചിരുന്നില്ല.
ഇതറിയിക്കാനുള്ള തീരുമാനമാണ് മന്ത്രിസഭാ യോഗം ഇന്നെടുത്തിരിക്കുന്നത്. സജി ചെറിയാന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച് തന്റെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. ഇതൊരു അസാധാരണ സാഹചര്യമാണ്. തന്റെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിക്കേണ്ടതാണ്. സജി ചെറിയാന്റെ സത്യപ്രതിജ്ഞ നടക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു.നേരത്തെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തിന്റെ തുടര്‍ച്ചയായി സഭ ചേരാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, സത്യപ്രതിജ്ഞാ വിഷയത്തില്‍ ഗവര്‍ണര്‍ വഴങ്ങിയതോടെ ഈ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുകയായിരുന്നു.