തലച്ചോര്‍ മൃതദേഹത്തില്‍ നിന്ന് വേര്‍പെട്ട് കാണാതായി ; ഡല്‍ഹിയില്‍ പുതുവത്സര ദിനത്തില്‍ യുവതി കൊല്ലപ്പെട്ടത് അതിദാരുണമായി

അതിക്രൂരമായ ഒരു മരണത്തിന്റെ വാര്‍ത്തയാണ് ഈ പുതുവത്സരം പിറന്നപ്പോള്‍ രാജ്യ തലസ്ഥാനം അറിഞ്ഞത്. ദില്ലിയില്‍ പുതുവത്സര ദിനത്തില്‍ അഞ്ജലി സിംഗ് എന്ന യുവതിയാണ് യുവാക്കള്‍ ഓടിച്ച കാറിന് അടിയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. അഞ്ജലിയുടെ ശരീരത്തില്‍ 40 ഇടങ്ങളില്‍ മാരകമായ രീതിയില്‍ പരിക്കേറ്റിട്ടുണ്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കിലോമീറ്ററുകളോളം റോഡിലില്‍ ശരീരും ഉരഞ്ഞ് തലച്ചോര്‍ മൃതദേഹത്തില്‍ നിന്നും വേര്‍പെട്ട് കാണാതായി. നട്ടെല്ല് തകര്‍ന്നു. റോഡില്‍ ഉരഞ്ഞ് പെണ്‍കുട്ടിയുടെ ശരീരത്തിന്റെ പുറകുവശത്തെ തൊലി പൂര്‍ണമായി ഉരഞ്ഞു അടര്‍ന്നു. ഇരു കാലുകള്‍ക്കും മാരകമായി പരിക്കേറ്റു.

അപകടത്തില്‍ പെണ്‍കുട്ടിയുടെ കാലുകള്‍ ആദ്യം കാറിന്റെ ആക്‌സിലിലാണ് കുടുങ്ങിയത്. ഇടത് ടയറിന് സമീപമാണ് തല കുടുങ്ങിയത്. കിലോമിറ്ററുകളോളം അഞ്ജലിയുടെ ശരീരവും വലിച്ച് കാറ് മുന്നോട്ട് പോയതോടെ ത്വക്ക് ഭാഗം റോഡില്‍ ഉരഞ്ഞില്ലാതായി. കേസില്‍ അറസ്റ്റിലായ അഞ്ച് യുവാക്കളുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിധിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. അപകടത്തില്‍ അഞ്ജലി കാറിന് അടിയില്‍ കുടുങ്ങി എന്നറിഞ്ഞിട്ടും യുവാക്കള്‍ വാഹനം മുന്നോട്ടെടുത്തുവെന്ന് നിധി ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അഞ്ജലി മദ്യപിച്ചിട്ടുണ്ടായിരുന്നു. താനാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. അലറി വിളിച്ചിട്ടും യുവാക്കള്‍ കാര്‍ നിര്‍ത്തിയില്ല. പേടിച്ചിട്ടാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും നിധി മാധ്യമങ്ങളോട് പറഞ്ഞു.

വെളിപ്പെടുത്തലിന് പിന്നാലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് അഞ്ജലിയുടെ അമ്മ ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്നും കുടുംബം പറഞ്ഞു. അഞ്ജലിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകീട്ട് സംസ്‌കരിച്ചു. അഞ്ജലി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. പുതുവത്സര ആഘോഷങ്ങള്‍ക്കായി കഞ്ചാവാലയിലെ ഹോട്ടലിലെത്തിയ അഞ്ജലിയും സുഹൃത്ത് നിധിയും അവിടവെച്ച് വഴക്കിട്ടെന്നും, ശേഷം ഒരുമിച്ചാണ് സ്‌കൂട്ടറില്‍ അപകടം നടന്നയിടത്തേക്ക് പോയതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നിധിയെയും ഹോട്ടലില്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത ചില യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

പുതുവത്സര ദിവസത്തിലുണ്ടായ ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് ദില്ലി. കേസില്‍ സിബിഐ അന്വേഷണം വേണമെന്നും അറസ്റ്റിലായ അഞ്ച് പ്രതികളെയും തൂക്കി കൊല്ലണമെന്നും കൊല്ലപ്പെട്ട അഞ്ജലിയുടെ അമ്മ ആവശ്യപ്പെട്ടു. സംസ്‌കാര ചടങ്ങുകള്‍ നടന്നു എന്നതുകൊണ്ട് ആരും മിണ്ടാതിരിക്കില്ലെന്നും യുവതിയുടെ അമ്മ വ്യക്തമാക്കി. അതേ സമയം, കൊല്ലപ്പെട്ട പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന സാധ്യത തള്ളുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കിലോമീറ്ററുകള്‍ വലിച്ചിഴക്കപ്പെട്ടതിനെ തുടര്‍ന്ന് തല കഴുത്ത് നട്ടെല്ല് കൈകാലുകള്‍ എന്നിവയ്ക്കുണ്ടായ ആഴത്തിലുള്ള മുറിവും രക്തസ്രാവവുമാണ് അഞ്ജലി സിംഗിന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വകാര്യ ഭാഗങ്ങളില്‍ പരിക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച കാറിന്റെ ടയറിനടിയില്‍ കുടുങ്ങിയ യുവതിയെ ഒന്നര മണിക്കൂറോളം വലിച്ച് കൊണ്ട് പോയെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. ദില്ലിയിലെ ലാഡ്പുര്‍ ഗ്രാമത്തിലെ കഞ്ജ്ഹവാല റോഡില്‍ പലഹാരക്കട നടത്തുന്ന ദീപക് ദഹിയ ആണ് ഈ ദാരണ സംഭവം നേരിട്ട് കണ്ടത്. യുവതിയെയും കൊണ്ട് 20ഓളം കിലോമീറ്ററാണ് കാര്‍ നിങ്ങിയത്. പുലര്‍ച്ചെ സമയം ഏകദേശം 3.20 ആയിക്കാണും. കടയുടെ പുറത്ത് നില്‍ക്കുമ്പോള്‍ 100 മീറ്റര്‍ അകലെ ഒരു വാഹനത്തില്‍ നിന്ന് വലിയ ശബ്ദം കേട്ടു. ആദ്യം ടയര്‍ പൊട്ടിയതാണെന്നാണ് കരുതിയത്. വണ്ടി നീങ്ങിയപ്പോള്‍ തന്നെ ഒരു ശരീരം വലിച്ചിഴയ്ക്കുന്നത് കണ്ടു. ഉടനെ പൊലീസിനെ വിവരം അറിയിച്ചുവെന്ന് ദീപക് പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം പുലര്‍ച്ചെ 3:30 ഓടെ കാര്‍ യു ടേണ്‍ എടുത്തെന്നും അപ്പോഴും അപ്പോഴും വാഹനത്തിന് അടിയില്‍ യുവതി കുടുങ്ങി കിടക്കുകയായിരുന്നു.

പ്രതികള്‍ 4-5 കിലോമീറ്റര്‍ റോഡില്‍ യു-ടേണ്‍ എടുത്ത് ആവര്‍ത്തിച്ച് വാഹനമോടിച്ചതായി ദീപക് പറഞ്ഞു. പലതവണ അവരെ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ വാഹനം നിര്‍ത്തിയില്ല. ഏകദേശം ഒന്നര മണിക്കൂറോളം അവര്‍ യുവതിയെ വലിച്ചിഴച്ചു. പൊലീസിലെ ബന്ധപ്പെടുന്നതിന് ഇടയില്‍ ബൈക്കുമായി കാറിനെ പിന്തുടരുക ചെയ്തു. ഏകദേശം ഒന്നര മണിക്കൂറിന് ശേഷം കഞ്ജ്ഹവാല റോഡിലെ ജ്യോതി ഗ്രാമത്തിന് സമീപം കാറില്‍ നിന്ന് മൃതദേഹം വീണു. തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. അത് വെറുമൊരു അപകടമല്ല എന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്