ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 55കാരനൊപ്പം നാടുവിട്ട 14കാരിയെ കണ്ടെത്തി
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 55കാരനൊപ്പം നാടുവിട്ട 14കാരിയെ കണ്ടെത്തി. കുട്ടിയെ കൂട്ടിക്കൊണ്ടു പോയ കെഎസ്ആര്‍ടിസി ജീവനക്കാരനായ 55കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല അയിരൂര്‍ സ്വദേശി പ്രകാശന്‍ (55) ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. ഇയാള്‍ പാറശ്ശാല കെഎസ്ആര്‍ടിസി ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്രവൈസര്‍ കൂടിയാണ്. ഫേസ്ബുക്ക് വഴിയാണ് ഇയാള്‍ 14 കാരിയായ പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിവരാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിക്കുകയും ചെയ്തു. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ അയിരൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 3ന് കേസെടുത്തു.
പെണ്‍കുട്ടിയുടെ സമൂഹ്യമാധ്യമങ്ങളിലെ ചാറ്റിങ് വിവരങ്ങള്‍ പൊലീസ് പരിശോധിക്കുകയും ഇതിലൂടെ ലഭിച്ച വിവരങ്ങളില്‍ നിന്നുമാണ് പ്രതിയിലേക്ക് എത്തുന്നതും. വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടിയുമായി ഇയാള്‍ ട്രെയിന്‍ മാര്‍ഗം എറണാകുളത്തു എത്തുകയായിരുന്നു. പ്രതിയുടെ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് പ്രതിയെയും കുട്ടിയെയും എറണാകുളത്തു വച്ചു കഴിഞ്ഞദിവസം കസ്റ്റഡിയില്‍ എടുക്കുകയും തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയെ വീട്ടുകാര്‍ക്ക് ഒപ്പം വിട്ടു.