സോഷ്യല്‍ മീഡിയയില്‍ അഡിക്റ്റു ആയ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയത് സ്വന്തം അമ്മ

മകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകാതിരിക്കാന്‍ ‘അമ്മ കണ്ടത്തിയത് വേറിട്ട വഴി. കേന്‍ഡ്ര ഗെയില്‍ ലിക്കാരി എന്ന യുവതിയാണ് തന്റെ മകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഏകദേശം ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ മെസേജുകളുടെ ഉറവിടം കണ്ടെത്താതിരിക്കാനായി വിപിഎന്‍ കണക്ഷന്‍ അവര്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

കൗമാരക്കാരായ പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ആണ് മെസേജ് അയക്കുന്നത് എന്ന് തോന്നിപ്പിക്കുന്നതിനായി ചെറുപ്പക്കാരുടെ ഭാഷയിലാണ് ഇവര്‍ മെസേജുകള്‍ അയച്ചിരുന്നത്. എന്നാല്‍ എഫ്ബിഐ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യങ്ങളെല്ലാം പുറത്താകുകയായിരുന്നു. ഇത്തരം മെസേജുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പെണ്‍കുട്ടി ആദ്യം ഇക്കാര്യം പറഞ്ഞത് അമ്മ ലിക്കാരിയോടായിരുന്നു. അന്ന് മകളോടൊപ്പമാണെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു ഇവരുടെ പെരുമാറ്റം. സ്‌കൂളിലെത്തി പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ കുറ്റവാളിയെ കണ്ടെത്താന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.

പിന്നീട് എഫ്ബിഐ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് ഈ മെസേജുകള്‍ പെണ്‍കുട്ടിയുടെ അമ്മയായ ലിക്കാരിയുടെ ഫോണില്‍ നിന്നാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തന്റെ മകള്‍ക്കെതിരെ സൈബര്‍ ബുള്ളിയിംഗ് നടത്തിയത് താന്‍ തന്നെയാണെന്ന് ലിക്കാരി സമ്മതിച്ചത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് മിനിമം പത്ത് വര്‍ഷം വരെ തടവാണ് യുഎസില്‍ നല്‍കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൈബര്‍ ആക്രമണത്തിന് വിധേയമാക്കിയത് ഗൗരവതരമായ കുറ്റമാണെന്ന് പൊലീസ് പറയുന്നു. ഈ കുറ്റവും ലിക്കാരിയ്ക്ക് എതിരെ ചുമത്തിയിട്ടുണ്ട്. ഏകദേശം 5 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണിത്.