യുവജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത കമ്മീഷനില്‍ ചെയര്‍പെഴ്‌സന് ചിന്താ ജെറോമിനു ശമ്പളം ഒരു ലക്ഷം

സംസ്ഥാനത്തെ യുവജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നു എന്ന് പറയപ്പെടുന്ന കേരള സംസ്ഥാന യുവജനകമ്മിഷന്‍ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിച്ചു. 50,000 രൂപയില്‍നിന്ന് ഒരുലക്ഷമാക്കിയാണ് ശമ്പളം ഉയര്‍ത്തിയത്. സിപിഎം സംസ്ഥാന സമിതി അംഗം ചിന്താ ജെറോമാണ് സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ. 2016ല്‍ ചുമതല ഏറ്റെടുക്കുമ്പോള്‍ ശമ്പളം 50,000 രൂപയായിരുന്നു. ഇത് 2018 ല്‍ ഒരു ലക്ഷമാക്കി.2017 ലെ ശമ്പളത്തിനാണ് സര്‍ക്കാര്‍ മുന്‍കാല പ്രാബല്യം അനുവദിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക അച്ചടക്കം വേണമെന്ന് ധനമന്ത്രി ബാലഗോപാല്‍ ഇടയ്ക്കിടെ പറയുന്നതിനിടെയാണ് ഇത്. ഭരണപരമായ ചെലവുകള്‍ കുറയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി എടുത്തുവരികയാണ്. ഇതിന് വേണ്ടി നാലാം ശനിയാഴ്ച അവധി നല്‍കുന്ന കാര്യം പരിഗണനയിലാണ്. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം വര്‍ധിപ്പിച്ചിരിക്കുന്നു എന്ന് പരക്കെ ആക്ഷേപമുണ്ടെങ്കിലും ഭരണപക്ഷ പ്രതിപക്ഷ യുവജന സംഘടനകള്‍ അറിഞ്ഞതായി ഇതുവരെ സൂചനയില്ല. ഇതേക്കുറിച്ച് പ്രതികരണങ്ങളും ലഭ്യമായിട്ടില്ല. ഇതിനിടെ മുന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് ആര്‍.വി. രാജേഷും ശമ്പളകുടിശിക നല്‍കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ കാലത്താണ് യുവജന കമ്മിഷന്‍ രൂപവത്കരിച്ചിത്. ആര്‍.വി. രാജേഷായിരുന്നു ആദ്യ ചെയര്‍മാന്‍. ഈ ഘട്ടത്തില്‍ ചെയര്‍മാന് ശമ്പളം നിശ്ചയിച്ചിരുന്നില്ല. 50,000 രൂപ താത്കാലിക വേതനമായി നല്‍കുമെന്നാണ് ഉത്തരവിലുണ്ടായിരുന്നു.