കൊടൈക്കനാലില്‍ വനത്തില്‍ കാണാതായ മലയാളി യുവാക്കളെ ഇതുവരെ കണ്ടെത്തിയില്ല
കൊടൈക്കനാലില്‍ വനത്തില്‍ കാണാതായ ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കള്‍ക്കായി തിരച്ചില്‍ തുടരുന്നു. അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കാണാതായത്. രണ്ട് പേരും മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയതാണ്. തിങ്കളാഴ്ചയാണ് ഇവര്‍ കൊടൈക്കനാലിലേയ്ക്ക് പോയത്. പ്രദേശത്തെ പൂണ്ടി ഉള്‍ക്കാട്ടില്‍ ചൊവ്വാഴ്ചയാണ് അല്‍ത്താഫിനെയും ഹാഫിസിനെയും കാണാതായത്. പൊലീസും ഈരാറ്റുപേട്ടയില്‍ നിന്നുള്ള സംഘവും ചേര്‍ന്ന് വനത്തില്‍ തെരച്ചില്‍ നടത്തുകയാണ്. ഈരാറ്റുപേട്ട പൊലീസും കൊടൈക്കനാലില്‍ എത്തിയിട്ടുണ്ട്. സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു. അഞ്ച് പേരും ചൊവ്വാഴ്ച വനത്തില്‍ പോയിയെന്നും തിരിച്ച് വരുമ്പോള്‍ രണ്ട് പേര്‍ കൂട്ടം തെറ്റിയെന്നുമാണ് ഇവരുടെ മൊഴി.
ന്യൂയര്‍ ആഘോഷത്തിന്റെ ഭാഗമായി കൊടൈക്കനാലിലേക്ക് പോയത് ആയിരുന്നു യുവാക്കള്‍. ഇവര്‍ ചൊവ്വാഴ്ച വനത്തിലേക്ക് പോയി. തിര്ച്ച് വന്നപ്പോള്‍ രണ്ട് പേരെ കാണാതാകുകയായിരുന്നു. ഈരാറ്റുപേട്ടയില്‍ നിന്ന് 40 പേരടങ്ങുന്ന സംഘം കൊടൈക്കനാലിലേക്ക് എത്തുകയും വലിയ തോതില്‍ തെരച്ചില്‍ തുടരുകയാണ്. അതേസമയം രാത്രി കാട്ടില്‍ നിന്ന് കരച്ചില്‍ കേട്ടുവെന്നാണ് പ്രദേശത്തുള്ള തൊഴിലാളികള്‍ പറയുന്നത്. ആ പ്രദേശം കേന്ദ്രീകരിച്ചും തെരച്ചില്‍ തുടരുകയാണ്. യുവാക്കളുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. വനത്തില്‍ പോയി തിരികെ വരുന്നതിനിടെ കൂട്ടം തെറ്റിയെന്ന സുഹൃത്തുക്കളുടെ വാദം പൊലീസ് പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല. ലഹരിയുടെ ഉപയോഗം ഉണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.