ബോളിവുഡിനു നേരെയുള്ള സംഘപരിവാര്‍ ബഹിഷ്‌കരണ പ്രവണത ; യോഗിയുടെ സഹായം തേടി സുനില്‍ ഷെട്ടി

ബോളിവുഡ് സിനിമക്ക് നേരെ സംഘപരിവാര്‍ തുടരെ അഴിച്ചു വിടുന്ന ബോയ്കോട്ട് പരിപാടികള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ട് ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി. രണ്ട് ദിവസത്തെ മുംബൈ സന്ദര്‍ശനത്തിനെത്തിയ ആദിത്യനാഥ് ബോളിവുഡ് സൂപ്പര്‍ താരങ്ങളുമായി നടത്തിയ കൂടികാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. സുനില്‍ ഷെട്ടി, സുഭാഷ് ഘായ്, ജാക്കി ഷ്‌റോഫ്, രാജ്കുമാര്‍ സന്തോഷി, മന്‍മോഹന്‍ ഷെട്ടി, ബോണി കപൂര്‍ തുടങ്ങിയ ബോളിവുഡിലെ പ്രമുഖര്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയ്ക്ക് എത്തി. നോയിഡ ഫിലിം സിറ്റിയിലെ ഷൂട്ടിംഗും നിക്ഷേപ സാധ്യതകളും ചര്‍ച്ച ചെയ്യാനായിരുന്നു യോഗിയുടെ ബോളിവുഡ് താരങ്ങളും, നിര്‍മ്മാതാക്കളും, സംവിധായകരുമായുള്ള കൂടികാഴ്ചയുടെ പ്രധാന അജണ്ട. ഈ യോഗത്തിലാണ് അടുത്തകാലത്തായി വര്‍ദ്ധിച്ചുവരുന്ന ‘ബോളിവുഡ് ബഹിഷ്‌കരിക്കാനുള്ള പ്രചാരണങ്ങളിലേക്ക് യോഗിയുടെ ശ്രദ്ധ സുനില്‍ഷെട്ടി ക്ഷണിച്ചത്.

‘ഇപ്പോള്‍ പ്രചരിക്കുന്ന ഒരു ഹാഷ്ടാഗിനെ കുറിച്ച് ഞാന്‍ ഈ സമയത്ത് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു #BoycottBollywood. നിങ്ങള്‍ (യോഗി ആദിത്യനാഥ്) ഇതിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ ഇത് നിര്‍ത്താം. അതിലൂടെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോലി നന്നായി ചെയ്യാന്‍ കഴിയും’ – സുനില്‍ ഷെട്ടി പറഞ്ഞു. ബോളിവുഡിനെതിരെ നടക്കുന്ന പ്രചരണങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ തേടണമെന്ന് ഷെട്ടി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിച്ചു. ‘ഈ തെറ്റുകള്‍ കാണുമ്പോള്‍ എനിക്ക് വേദന തോന്നുന്നു. ഇവിടെയുള്ള തൊണ്ണൂറ്റി ഒമ്പത് ശതമാനം ആളുകളും നല്ലവരാണ്. അതിനാല്‍, ദയവായി യോഗി ജി, ഈ പ്രചാരണം ഇല്ലാതാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിക്കണം’ സുനില്‍ ഷെട്ടി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നതില്‍ ഇവിടുത്തെ സിനിമാവ്യവസായത്തിന് വലിയ പങ്കുണ്ട്, #BoycottBollywood എന്ന പ്രവണത അവസാനിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി തന്റെ സ്വാധീനം ഉപയോഗിക്കണമെന്നും സുനില്‍ ഷെട്ടി അഭ്യര്‍ത്ഥിച്ചു. നിങ്ങള്‍ വലിയ ആളാണ് ഇത് അവസാനിപ്പിക്കാന്‍ നിങ്ങള്‍ പറഞ്ഞാല്‍ ആളുകള്‍ കേള്‍ക്കുമെന്നും സുനില്‍ ഷെട്ടി പറഞ്ഞു. ഇന്ന് ആളുകള്‍ വിചാരിക്കുന്നത് ബോളിവുഡ് മോശം സ്ഥലമാണ് എന്നാണ്. എന്നാല്‍ ബോളിവുഡില്‍ അത്ര നല്ല സിനിമകള്‍ ചെയ്തിട്ടുണ്ട്. ‘ബോര്‍ഡര്‍’ എന്ന ചിത്രത്തില്‍ ഞാനും ഭാഗമായിരുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ സിനിമ ലോകത്തെ ആദ്യകാലത്ത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആളുകള്‍ തന്നോട് ചൊരിഞ്ഞ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്ന് സുനില്‍ ഷെട്ടി പറഞ്ഞു.

താജ് കൊളാബയിലാണ് ബോളിവുഡ് താരങ്ങളും അണിയറക്കാറും യോഗിയുമായി കൂടികാഴ്ച നടത്തിയത്. സോനു നിഗം, ജാക്കി ഭഗ്‌നാനി, രാജ്പാല്‍ യാദവ്, രവി കിഷന്‍, ആശിഷ് സിംഗ്, തേജ് കിരണ്‍, ചന്ദ്രപ്രകാശ് ദ്വിവേദി, ഓം റൗട്ട് എന്നിവരും കൂടികാഴ്ചയില്‍ പങ്കെടുത്തു. അടുത്തിടെ ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍ എന്ന സിനിമക്ക് നേരെ അതിഭീകരമായ ആക്രമണമാണ് സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചു വിട്ടിരിക്കുന്നത്.