കൊല്ലത്ത് യുവതിയുടെ മരണം കൊലപാതകം ; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെ

ആളൊഴിഞ്ഞ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ യുവതി കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെ എന്ന് പോലീസ്. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതി അഞ്ചല്‍ ലക്ഷംവീട് കോളനിയിലെ നാസു (24) നെതിരെ കൊലപാതക കുറ്റം കൂടെ ചുമത്തി. യുവതിയുടെ മൊബൈല്‍ ഫോണും പണവും പ്രതി കവര്‍ന്നെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ഇന്നലെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൊല്ലം ബീച്ചില്‍ നിന്നും യുവതിയെ പ്രതി തന്ത്രപരമായി ക്വാര്‍ട്ടേഴ്‌സിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മല്‍പ്പിടിത്തത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.

ഡിസംബര്‍ 29ന് കാണാതായ യുവതിയെ കഴിഞ്ഞദിവസമാണ് ആള്‍ത്താമസമില്ലാത്ത റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇതിനിടെ യുവതിക്ക് അപസ്മാരം വന്നതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞിരുന്നത്. യുവതിയുടെ ശരീരത്തില്‍ ബ്ലേഡുപയോഗിച്ചു മുറിവുണ്ടാക്കിയതായും ഇയാള്‍ മൊഴി നല്‍കിയിരുന്നു. മറ്റാരെങ്കിലും കൊലപ്പെടുത്തി എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം.ബുധനാഴ്ച രാവിലെ റെയില്‍വേ കെട്ടിടത്തില്‍നിന്നു ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. പൂര്‍ണനഗ്‌നമായ മൃതദേഹം അഴുകിയ നിലയിലായിരുന്നു.