കാസര്‍കോട് കുഴമന്തി കഴിച്ച പെണ്‍കുട്ടി മരിച്ചു ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
കാസര്‍ഗോഡ് : ഭക്ഷ്യവിഷബാധയെത്തുടര്‍ന്നു വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തില്‍, ആഹാരം വാങ്ങിയ അല്‍ റൊമാന്‍സിയ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നിര്‍ദ്ദേശം നല്‍കി. ഹോട്ടലില്‍ നിന്നും ഭക്ഷണ സാധനങ്ങളുടെ സാംപിളുകള്‍ ശേഖരിച്ചു. സ്ഥാപനത്തിന് ലൈസന്‍സ് ഉള്ളതാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. തലക്ലായിലെ അഞ്ജുശ്രീ പാര്‍വ്വതി എന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കാസര്‍ഗോട്ടെ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി.
കുട്ടി ആദ്യം കേക്ക് കഴിച്ചു, പിന്നീട് കുഴിമന്തി കഴിച്ചു എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. അഞ്ജുശ്രീ കുഴിമന്തിക്കൊപ്പം സൂപ്പും കഴിച്ചിരുന്നു എന്നാണ് ഏറ്റവും പുതിയതായി ലഭിക്കുന്ന വിവരം. അതേസമയം പെണ്‍കുട്ടി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. കാസര്‍കോട്ടെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഇവര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജനുവരി ഒന്ന് മുതല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. പുതുവര്‍ഷ ദിവസമാണ് ഇവര്‍ ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്.
ചിക്കന്‍ മന്തി, ചിക്കന്‍ 65, മയോണൈസ്, സാലഡ് എന്നിവയാണ് ഓര്‍ഡര്‍ നല്‍കിയത്. ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാവിലെ പെണ്‍കുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.