പാറശാല ഷാരോണ്‍ കൊലപാതകം ; ഗ്രീഷ്മ നടത്തിയത് പത്തുമാസം നീണ്ട ആസൂത്രണം ; ഒഴിവാക്കാന്‍ ജാതി പ്രശ്നം മുതല്‍ ജാതകപ്രശ്നം വരെ പയറ്റി നോക്കി
പാറശാല ഷാരോണ്‍ വധത്തില്‍ മുഖ്യപ്രതി നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണം. യുവാവിനെ ഒഴിവാക്കാന്‍ ജാതി പ്രശ്നം മുതല്‍ ജാതകപ്രശ്നം വരെ പയറ്റി നോക്കി അവസാനമാണ് കൊലപാതകം നടത്തിയത്. ഷാരോണിനെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊന്നത് പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകത്തിന് ജ്യൂസ് ചലഞ്ച് തിരഞ്ഞെടുത്ത് സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ക്കാനാണെന്നും ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തില്‍ തുല്യപങ്കുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കുറ്റപത്രം അടുത്തയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
കേരള മനസാക്ഷിയെ ഞെട്ടിച്ച ഷാരോണ്‍ വധക്കേസ് തുടക്കം മുതല്‍ ദുരൂഹത നിറഞ്ഞതായിരുന്നു. ജാതകദോഷം മൂലം തന്നെ വിവാഹം കഴിക്കുന്നയാള്‍ മരിക്കുമെന്ന് ഗ്രീഷ്മയുടെ വാദം നുണക്കഥയാണെന്ന് പോലീസ് കുറ്റുപത്രത്തില്‍ പറയുന്നു. ഷാരോണിന്റെയും ഗ്രീഷ്മയുടെയും രണ്ടുവര്‍ഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്ത ഓഡിയോ ഫയലുകളും ചിത്രങ്ങളും ഉള്‍പ്പെടെ ആയിരത്തലധികം ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം വീണ്ടെടുത്തു. കൊലപാതകത്തില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ക്ക് തുല്യപങ്കുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം നടന്ന് 73 ദിവസം പിന്നിടുമ്പോഴാണ് കേരളം ഏറെ ചര്‍ച്ച ചെയ്ത കേസില്‍ കുറ്റപത്രം തയാറാകുന്നത്. ഡിവൈഎസ്പി എ.ജെ.ജോണ്‍സന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.
പാറശാല മുര്യങ്കര സ്വദേശി 23കാരനായ ഷാരോണ്‍ രാജ് ഒക്ടോബര്‍ 25ാം തീയതിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിക്കുന്നത്. ഷാരോണിന്റെ കാമുകിയായ ഗ്രീഷ്മയും മാതാപിതാക്കളും ആസൂത്രിതമായാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കുടുംബം ആദ്യം മുതലെ ആരോപിച്ചിരുന്നു. സൈനികനുമായുളള വിവാഹം ഉറപ്പിച്ചതോടെ ഷാരോണുമായുളള പ്രണയം അവസാനിപ്പിക്കാന്‍ ഗ്രീഷ്മ പല തന്ത്രങ്ങളും മെനഞ്ഞതായാണ് കുറ്റപത്രത്തിലുളളത്. പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമാണ് ഗ്രീഷ്മ കഷായത്തില്‍ വിഷം കലക്കി ഷാരോണിനെ വകവരുത്തിയത്. വിവിധ മാര്‍ഗങ്ങളിലൂടെ അഞ്ച് വട്ടം വധശ്രമം നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്. ഇതെല്ലാം പരാജയപ്പെട്ടതോടെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താണ് കഷായത്തില്‍ വിഷം കലര്‍ത്താനുളള തീരുമാനത്തിലേക്ക് ഗ്രീഷ്മയെത്തിയത്.
വിഷം ഉള്ളില്‍ ചെന്നാല്‍ ആന്തരികാവയവങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്നും ഗ്രീഷ്മ മനസിലാക്കിയിരുന്നതായി കുറ്റപത്രത്തിലുണ്ട്. സ്വാഭാവിക മരണം പോലെ തോന്നുമെന്ന ചിന്തയിലാണ് ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്താന്‍ തീരുമാനിച്ചതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തില്‍ നേരിട്ട് പങ്കില്ല. പക്ഷേ, കൊലപാതകം നടക്കുമെന്നത് ഉള്‍പ്പെടെ ഇവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇരുവര്‍ക്കും ഗ്രീഷ്മക്കെന്ന പോലെ തുല്യപങ്കുണ്ടെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.