കുട്ടികളുടെ ബാഗില്‍ സ്‌കൂളുകളില്‍ ഫോണ്‍ പരിശോധന വേണ്ടെന്ന് ബാലാവകാശ കമ്മീഷന്‍

കുട്ടികള്‍ക്ക് സ്‌കൂളില്‍ ഫോണ്‍ കൊണ്ട് പോകുന്നതിനു അനുകൂല ഉത്തരവുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിനു നിരോധനം ഏര്‍പ്പെടുത്തരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. ചില പ്രത്യേക ആവശ്യങ്ങള്‍ക്ക് രക്ഷിതാക്കളുടെ അറിവോടെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാം. സ്‌കൂള്‍ സമയം കഴിയുന്നതുവരെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ സൗകര്യമൊരുക്കണമെന്നും ഉത്തരവില്‍ പറയുന്നു. അധ്യക്ഷന്‍ കെ.വി.മനോജ് കുമാര്‍, ബി.ബബിത, റെനി ആന്റണി എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ ബെഞ്ചിന്റെതാണ് നിര്‍ദേശം.

കേവലനിരോധനമല്ല, സാമൂഹികമാധ്യമസാക്ഷരത ആര്‍ജിക്കാനുള്ള അവസരങ്ങള്‍ ബോധപൂര്‍വം കുട്ടികള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി നെടുകെ പിളരുകയോ ഇല്ലെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് വടകര സ്വദേശിയായ വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തതിനെതിരെ അച്ഛന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതം ഉണ്ടാക്കുന്ന തരത്തിലുള്ള ദേഹപരിശോധനയും ബാഗ് പരിശോധനയും ഒഴിവാക്കണം. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, സമൂഹമാധ്യമങ്ങള്‍ എന്നിവ സുരക്ഷിതമായി ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്ന പദ്ധതി വേണം. പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ വിദ്യാര്‍ഥിക്ക് മൂന്ന് ദിവസത്തിനകം തിരികെനല്‍കാനും കമ്മീഷന്‍ ഉത്തരവായി.

അധ്യാപകരും വിദ്യാര്‍ഥികളും മൊബൈല്‍ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവന്നാല്‍ കണ്ടുകെട്ടുന്നതിനും ലേലംവിളിച്ച് പി.ടി.എ. ഫണ്ടിലേക്ക് മുതല്‍കൂട്ടാമെന്നും 2010-ല്‍ പൊതുവിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. കേരളത്തിലെ ഒട്ടുമിക്ക സ്‌കൂളുകളിലും ഇത്തരം സംഭവങ്ങള്‍ പതിവായതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെയും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെയും കേസില്‍ എതിര്‍ കക്ഷികളായി ഉള്‍പ്പെടുത്തിയിരുന്നു.