എന്‍ഡ്‌ഗെയിമിനെ മറികടന്ന് ഇന്ത്യയില്‍ എക്കാലത്തെയും കളക്ഷന്‍ നേടുന്ന ഹോളിവുഡ് ചിത്രമായി അവതാര്‍ 2

ആദ്യ ദിനങ്ങളിലെ നെഗറ്റിവ് റിവ്യൂസിന് ഒന്നും തടയാന്‍ പറ്റാത്ത ഒന്നായിരുന്നു അവതാര്‍ 2 കാണുവാനുള്ള പ്രേക്ഷകരുടെ ഒഴുക്ക്. മുടക്ക് മുതല്‍ തിരിച്ചു പിടിക്കുമോ എന്ന് ചില ബുദ്ധിജീവികള്‍ പരിഹസിച്ച സിനിമ ഇപ്പോഴിതാ ഇന്ത്യന്‍ കളക്ഷനില്‍ റെക്കോര്‍ഡ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ നേടുന്ന ഏറ്റവും കളക്ഷനാണ് അവതാര്‍ 2 നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. അവതാര്‍ 2 ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 439.50 കോടിയാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ സുമിത് കദേല്‍ ട്വീറ്റ് ചെയ്തു, സുമിത് അവതരിപ്പിക്കുന്ന കണക്ക് പ്രകാരം എന്‍ഡ്‌ഗെയിം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 438 കോടി ആയിരുന്നു. അവതാര്‍ ഇന്ത്യയില്‍ നിന്ന് നേടുന്ന ലൈഫ് ടൈം ബിസിനസ് 480 കോടി ആയിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.

അതേസമയം അന്തര്‍ദേശീയ ബോക്‌സ് ഓഫീസിലും വെന്നിക്കൊടി പാറിച്ച് മുന്നേറുകയാണ് ജെയിംസ് കാമറൂണിന്റെ സ്വപ്നചിത്രം. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ അവതാര്‍ 2. ടോപ്പ് ഗണ്‍: മാവറിക്കിനെ പിന്തള്ളിയാണ് പട്ടികയില്‍ ദ് വേ ഓഫ് വാട്ടര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. 1.5 ബില്യണ്‍ ഡോളര്‍ (12,341 കോടി രൂപ) ആണ് അവതാര്‍ 2 ന്റെ ഇതുവരെയുള്ള കളക്ഷന്‍. ഇനി ചിത്രത്തിന്റെ 3, 4, 5 ഭാഗങ്ങള്‍ നിര്‍മ്മിക്കപ്പെടുമെന്ന് ജെയിംസ് കാമറൂണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എച്ച്ബിഒ മാക്‌സിന്റെ ങു ഈസ് ടോക്കിംഗ് റ്റു ക്രിസ് വാലസ് എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് കാമറൂണ്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. 2009 ലാണ് അവതാര്‍ ആദ്യ ഭാഗം പുറത്തു വന്നത്.