കേരളം പോകുന്നത് വല്ലാത്ത അവസ്ഥയിലൂടെ ; കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതില്‍ പോലും ജാതീയതയുടെ വിഷം കുത്തിവെച്ചു : പഴയിടം മോഹനന്‍ നമ്പൂതിരി
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് പഴയിടം മോഹനന്‍ നമ്പൂതിരി. ഭീകരമായ അവസ്ഥയാണിപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ക്ക് ശേഷം രാത്രിയില്‍ ഉറങ്ങാതെ ആഹാരത്തിന് കാവിലിരിക്കേണ്ട അവസ്ഥ വന്നെന്ന് പഴയിടം പറഞ്ഞു. കേരളം പോകുന്നത് വല്ലാത്ത അവസ്ഥയിലൂടെയാണെന്ന് അദ്ദേഹം പറയുന്നു. ക്ഷീണിച്ചുവരുന്ന കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതില്‍ പോലും ജാതീയതയുടെ വിഷം കുത്തിവച്ചത് തെറ്റായ നടപടിയായിപ്പോയി. അങ്ങനെയൊരു സാഹചര്യത്തില്‍ നിന്നുകൊണ്ട്, അടുക്കളയില്‍ ഇത്രയും നാളുണ്ടായ ഒരു സ്വാതന്ത്ര്യം എനിക്ക് നഷ്ടപ്പെടുന്നെന്ന ബോദ്ധ്യത്തില്‍ സ്വയം എത്തിയിട്ടുണ്ടെന്ന് പഴയിടം പറഞ്ഞു.
മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിജി വന്നപ്പോള്‍ തോക്കിന്‍മുനയില്‍ പാചകം ചെയ്ത അവസ്ഥയുണ്ടായിട്ടുണ്ട്. അതിലും ഭീകരമായ അവസ്ഥയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ആ ഒരു അവസ്ഥയിലേക്കിനിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഇത്രയും കാലം നിധിപോലെ നെഞ്ചിലേറ്റിയതായിരുന്നു കലോത്സവങ്ങളിലെ അടുക്കളകള്‍. എന്നാല്‍ പുതിയ കാലത്തിന്റെ വൈതാളികര്‍ പുതിയ ആരോപണങ്ങളുമായി രംഗത്തുവരുമ്പോള്‍ ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ല. കലോത്സവവേദികളിലെ ഊട്ടുപുരകളില്‍ ഞാന്‍ ഉണ്ടാവില്ല. ഞാന്‍ വിടവാങ്ങുന്നു’ എന്നാണ് പഴയിടം നേരത്തെ പറഞ്ഞത്.