മലപ്പുറത്ത് ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. മലപ്പുറം പൊന്‍വള സ്വദേശി മുഹമ്മദ് റാഷിദ് ഭാര്യ റംലത്ത് എന്നിവരെ തമിഴ്നാട് ഏര്‍വാടിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. മങ്കട, വടക്കാങ്ങര സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഗോവയിലെ കാസിനോവയില്‍ നടക്കുന്ന ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ചാല്‍ മണിക്കൂറുകള്‍ കൊണ്ട് രണ്ടിരട്ടി ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് വിഐപി ഇന്‍വെസ്റ്റ്മെന്റ് എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മ വഴി പലപ്പോഴായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കേസില്‍ റംലയുടെ സഹോദരന്‍ റാഷിദിനെ കഴിഞ്ഞ ദിവസം മങ്കട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മുഹമ്മധും റാഷിദും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും യൂട്യൂബ് ട്രേഡിംഗ് വീഡിയോകള്‍ വഴി തങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്കുകള്‍ പ്രചരിപ്പിച്ച് ഒട്ടേറെ ആളുകളെ കൂട്ടായ്മകള്‍ ചേര്‍ത്ത് പണം തട്ടിയെടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പണം നിക്ഷേപിക്കുന്നവര്‍ക്ക് ആദ്യം കുറച്ച് പണം വിഹിതം എന്ന പേരില്‍ അയച്ചുകൊടുത്തു വിശ്വാസം നേടും. പിന്നെ പണത്തിനെ പറ്റി യാതൊരു അറിവും കാണില്ല. പണം ലഭിച്ചില്ലെന്ന പരാതികള്‍ കൂടുന്നതോടെ പ്രതികള്‍ ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റ് ആവുകയും പുതിയ നമ്പര്‍ എടുത്ത് പുതിയ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി തട്ടിപ്പ് തുടരുകയും ചെയ്യും. റംലത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം സ്വീകരിച്ചിരുന്നത്. നാട്ടില്‍ നിന്ന് കടന്നുകളഞ്ഞ മുഹമ്മദ് റാഷിദും, റംലത്തും ഏര്‍വാടിയില്‍ പല സ്ഥലങ്ങളിലായി താമസിച്ചുവരികയായിരുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാര്‍, എസ്ഐ സികെ നൗഷാദ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം എഎസ്ഐ സലിം, സിപിഒ സുഹൈല്‍, പെരിന്തല്‍മണ്ണ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.