ക്രിമിനല്‍ പോലീസ് പി.ആര്‍ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

സ്ത്രീ പീഡന കേസുകള്‍ ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന വിവാദ പോലീസ് ഓഫീസര്‍ പി ആര്‍ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.ഡിജിപി അനില്‍കാന്ത് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. പിരിച്ചുവിടാതിരിക്കാനുള്ള വിശദീകരണം നല്‍കാന്‍ ഹാജരാകണമെന്ന് നോട്ടീസ് അയച്ചെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് പിരിച്ചുവിടല്‍ നടപടികളിലേക്ക് സംസ്ഥാന പൊലീസ് മേധാവി കടന്നത്. പിരിച്ചു വിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അത് ബോധിപ്പിക്കാന്‍ പൊലീസ് ആസ്ഥാനത്ത് നേരിട്ട് ഹാജരാകണം എന്നായിരുന്നു പി.ആര്‍.സുനുവിന് ഡിജിപി നല്‍കിയ നിര്‍ദേശം. എന്നാല്‍ ഡിജിപിയുടെ നോട്ടീസിന് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി മറ്റൊരു ദിവസം അനുവദിക്കണമെന്നായിരുന്നു മറുപടി.

പി.ആര്‍ സുനുവിനെതിരെ പൊലീസ് സേനയിലെ ഏറ്റവും ഗൗരവമുള്ള ശിക്ഷയായ പിരിച്ചുവിടല്‍ വേണമെന്നായിരുന്നു ഡി.ജി.പി അനില്‍കാന്ത് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നത്.ആറ് ക്രിമിനല്‍ കേസുകളില്‍ സുനു ഇപ്പോള്‍ പ്രതിയാണ്. അതില്‍ നാലെണ്ണം സ്ത്രീപീഡനക്കേസുകളാണ്.ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചതിന് പുറമെ 9 തവണ വകുപ്പ് തല അന്വേഷണവും ശിക്ഷാനടപടിയും നേരിട്ടിട്ടുണ്ട്. കേരള പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരമാണ് നടപടിയെടുത്തത്. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സേനയില്‍ നിന്നും പിരിച്ചുവിടുന്നത്. 15 പ്രാവശ്യം വകുപ്പുതല നടപടിയും ആറ് സസ്‌പെന്‍ഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. തുടര്‍ച്ചയായി കുറ്റകൃത്യം ചെയ്യുന്ന, ബലാല്‍സംഗം ഉള്‍പ്പെടെ ക്രിമിനല്‍ കേസില്‍ പ്രതിയ വ്യക്തിക്ക് പൊലീസില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് നടപടിയെടുത്ത ഡിജിപി ഉത്തരവില്‍ വ്യക്തമാക്കി.

തൃക്കാക്കര ബലാത്സംഗ കേസില്‍ സി ഐ പി ആര്‍ സുനുവിന് ക്ലീന്‍ചിറ്റ് നല്‍കി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സുനുവിനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവിന്റെ സമ്മര്‍ദം കാരണമാണ് സിഐ ക്കെതിരെയുള്ള പരാതിയെന്ന് പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൃക്കാക്കരയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിനിയായ യുവതിയാണ് സുനുവിനെതിരെ കൂട്ടബലാത്സംഗ പരാതി നല്‍കിയത്. സുനുവും മറ്റ് ചിലരും ചേര്‍ന്ന് കടവന്ത്രയിലും തൃക്കാക്കരയിലും വച്ച് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. തന്റെ ഭര്‍ത്താവ് ജയിലില്‍ കഴിയവെയാണ് തന്നെ സ്വാധീനിച്ച് ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് യുവതി പരാതിയില്‍ പറഞ്ഞിരുന്നു.