നയന സൂര്യന്റെ മരണം ; അന്വേഷണം തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റിന്

ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവ സംവിധായിക നയന സൂര്യന്റെ മരണം ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഒരാഴ്ച മുന്‍പ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നില്ല. ഇതിനിടെ നയനയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വരികയും ചെയ്തിരുന്നു.

2019 ഫെബ്രുവരി മാസത്തില്‍ തിരുവനന്തപുരം ആല്‍ത്തറ ജംഗ്ഷനിലെ ഫ്‌ലാറ്റില്‍ നയനയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും നയനയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നയനയുടെ സുഹൃത്തുക്കളുടെ പക്കലെത്തിയപ്പോഴാണ് കണ്ടെത്തലുകള്‍ മരണം കൊലപാതകമാകാം എന്ന സംശയം ഉടലെടുത്തത്. ഇതിനു പിന്നാലെ മാധ്യമ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

അസ്വാഭാവികമരണത്തിന് കേസെടുത്ത് മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കേസ് എങ്ങുമെത്തിയില്ല കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിനുചുറ്റും ഉരഞ്ഞുണ്ടായ ഒട്ടേറെ മുറിവുകളുണ്ട്. 31.5 സെന്റീമീറ്റര്‍വരെ നീളമുള്ള മുറിവുകളുണ്ട്. ഇടത് അടിവയറ്റില്‍ ചവിട്ടേറ്റതുപോലുള്ള ക്ഷതം കണ്ടെത്തി. ഇതിന്റെ ആഘാതത്തില്‍ ആന്തരീകാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. ക്ഷതമേറ്റാണ് പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.