ആ മരണം ആത്മഹത്യ ; വീട്ടുകാര്‍ക്കും അറിവുണ്ടായിരുന്നു എന്ന് വിവരങ്ങള്‍
കാസര്‍കോട് പെണ്‍കുട്ടി കുഴിമന്തി കഴിച്ചു മരിച്ചു എന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു. മരണകാരണം കുഴിമന്തി അല്ല എന്ന് ഇന്നലെ തന്നെ വെളിവായിരുന്നു. എന്നാല്‍ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീയുടേത് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈല്‍ ഫോണ്‍ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. നേരത്തെ ഭക്ഷ്യ വിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു നിഗമനം. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറാണ് ഭക്ഷ്യവിഷബാധയേറ്റതല്ലെന്നും വിഷം ഉള്ളില്‍ ചെന്ന് മരിച്ചതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുള്ളതെന്നും ആദ്യ സൂചന നല്‍കിയത്.
ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടേത് ആത്മഹത്യയെന്നതിലേക്ക് പൊലീസെത്തിയത്. താന്‍ മാനസിക സംഘര്‍ഷം നേരിടുന്നുവെന്നതടക്കം ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന സൂചന. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തുന്നതിനായി പൊലീസ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടേയും സഹപാഠികളുടേയും ബന്ധുക്കളുടേയും മൊഴിയെടുക്കും. അഞ്ജുശ്രീ പാര്‍വതിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെങ്കിലും അത് ഭക്ഷണത്തില്‍ നിന്നല്ലെന്നുമായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. കരള്‍ അടക്കം ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ഏത് തരം വിഷമാണ് ഉള്ളില്‍ ചെന്നത് എന്നറിയാന്‍ ആന്തരിക അവയവങ്ങള്‍ രാസപരിശോധന ഫലം വരണം.
കോഴിക്കോട്ടെ ലാബിലേക്ക് അയച്ച ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ പുറത്ത് വരും. എങ്കില്‍മാത്രമേ ഏത് തരത്തിലുള്ള വിഷമാണ് ശരീരത്തിലെത്തിയതെന്ന് വ്യക്തമാകുകയുള്ളൂ. ആത്മഹത്യക്കുറിപ്പും മൊബൈല്‍ഫോണും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാനസിക സമ്മര്‍ദം കാരണം ജീവനൊടുക്കുന്നുവെന്നാണ് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുള്ളതെന്ന് സൂചന. അഞ്ജുശ്രീയുടെ മൊബൈല്‍ഫോണില്‍ വിഷത്തിന്റെ ഉപയോഗം സംബന്ധിച്ച് തിരഞ്ഞതിന്റെ വിവരങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജനുവരി ഏഴാം തീയതി രാവിലെയാണ് കോളേജ് വിദ്യാര്‍ഥിനിയായ അഞ്ജുശ്രീ മരിച്ചത്. ഡിസംബര്‍ 31-ന് കുഴിമന്തി കഴിച്ചശേഷം പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം.