പട്ടിണി കിടക്കുന്നവര്‍ ക്രിക്കറ്റ് കാണേണ്ട ; വിവാദ പ്രസ്താവനയുമായി സംസ്ഥാന കായികമന്ത്രി
പട്ടിണി കിടക്കുന്നവര്‍ ക്രിക്കറ്റ് കാണേണ്ടെന്ന കായിക മന്ത്രി വി അബ്ദുറഹ്മാന്റെ വിവാദ പ്രസ്താവനയില്‍ പരക്കെ വിമര്‍ശനം. മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവന ഞെട്ടിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. മന്ത്രിയുടെ വിമര്‍ശനം അസംബന്ധവും ധാര്‍ഷ്ട്യവും നിറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയത്തില്‍ ഈ മാസം 15ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതി കൂട്ടിയിരുന്നു. ഇതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി രംഗത്തുവന്നപ്പോഴാണ് മന്ത്രി പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്ന വിവാദ പ്രസ്താവന നടത്തിയത്. സംഘാടകര്‍ അമിത ലാഭമെടുക്കാതിരിക്കാനാണ് നികുതി കുറയ്ക്കാത്തതെന്നാണ് മന്ത്രി പറഞ്ഞത്.
നികുതി വര്‍ധനവ് ജനങ്ങളുടെ പോക്കറ്റടിക്കുന്ന നടപടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കായികമന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണം. നികുതിനിരക്ക് കുറയ്ക്കണം. തനിക്ക് ഇഷ്ടമുള്ള വ്യക്തിയാണ് മന്ത്രി. പക്ഷേ ഇങ്ങനെയുള്ള പ്രസ്താവനകള്‍ അദ്ദേഹം പിന്‍വലിക്കണം. എല്ലാവര്‍ക്കും കാണേണ്ട കളിയാണ് ക്രിക്കറ്റ്. പണക്കാര്‍ക്ക് മാത്രമല്ല. നികുതി നിരക്ക് കൂട്ടുന്ന നടപടി പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതുപോലെ വിനോദനികുതി കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പണമുള്ളവര്‍ മാത്രം കളി കണ്ടാല്‍ മതിയെന്ന കായിക മന്ത്രി വി. അബ്ദുറഹിമാന്റെ പ്രസ്താവന കായികപ്രേമികളെ അവഹേളിക്കുന്നതാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പണമുള്ളവര്‍ മാത്രം പങ്കെടുക്കാന്‍ ഇത് ഐപിഎല്‍ ലേലമല്ല, ക്രിക്കറ്റ് മത്സരമാണെന്ന് മന്ത്രി ഓര്‍ക്കണം. ഒറ്റയടിക്ക് അഞ്ചില്‍നിന്ന് 12 ശതമാനമായി വിനോദ നികുതി ഉയര്‍ത്തിയത് സംസ്ഥാനത്തെ ക്രിക്കറ്റ് ആരാധകര്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ് എന്ന് അദ്ദേഹം പറഞ്ഞു.