വീട്ടിലെ പട്ടിയെ തല്ലിക്കൊന്നു കായലില്‍ എറിയാന്‍ ശ്രമിച്ച യുവതി അതെ കായലില്‍ വീണു മരിച്ചു
സ്വന്തം വീട്ടിലെ പട്ടിയോടുള്ള പക കാരണം ഒരു യുവതിക്ക് നഷ്ടമായത് സ്വന്തം ജീവന്‍. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം നടന്നത്. റൂബി എന്ന യുവതിയാണ് മരിച്ചത്. തന്നെയും തന്റെ ഇളയ കുഞ്ഞിനേയും കടിച്ചതിന്റെ ദേഷ്യത്തിലാണ് യുവതി പട്ടിയെ കൊന്നത്. തുടര്‍ന്ന് പട്ടിയുടെ ജഡം കായലില്‍ ഉപേക്ഷിക്കാന്‍ പോയ യുവതിയും കാല്‍ വഴുതി കായലില്‍ വീഴുകയായിരുന്നു. ഏറെ നേരമായും ഭാര്യയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ ഭര്‍ത്താവ് ആണ് യുവതി കായലില്‍ വീണു എന്ന വിവരം ആദ്യം അറിഞ്ഞത്. യുവതി എവിടെ പോയി എന്ന് ഭര്‍ത്താവിന് അറിയില്ലായിരുന്നു.
ഒടുവില്‍ കായല്‍ക്കരയിലെത്തിയതും ഭാര്യയുടെ ചെരുപ്പ് കരയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ക്കൊപ്പം അന്വേഷണം ആരംഭിച്ച ഭര്‍ത്താവ് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കായലില്‍ നിന്നും കണ്ടെത്തി. തുടര്‍ന്ന് അവര്‍ ശേഷം പോലീസിനെ വിവരമറിയിച്ചു. യുവതി കാല്‍വഴുതി വീണു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും കിഴക്കന്‍ മേഖലാ എഡിസിപി സയ്യിദ് അലി അബ്ബാസ് പറഞ്ഞു.