വക്കീലന്മാരുടെ പണി തെറിക്കുമോ…? ലോകത്തെ ആദ്യ അഭിഭാഷക റോബോട്ട് കോടതിയിലെത്തുന്നു

ഭാവിയില്‍ അഭിഭാഷകര്‍ക്ക് ഭീഷണിയാകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. റോബോട്ടുകള്‍ കേസ് വാദിക്കുന്ന കാലത്തിനു തുടക്കമാവുകയാണ്. അടുത്തമാസത്തോടെ ലോകത്തിലെ ആദ്യ റോബോ അഭിഭാഷകന്‍ കോടതിയില്‍ ഹാജര്‍ ആകും . ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പ്രവര്‍ത്തനക്ഷമമാക്കിയ ഈ നിയമ സഹായി ട്രാഫിക് ടിക്കറ്റ് കേസിലാണ് പ്രതിഭാഗത്തിനു വേണ്ടി ഹാജരാവുന്നത്. നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അതിന്റെ ഏറ്റവും പുതിയ സംവിധാനങ്ങള്‍ അവതരിപ്പിക്കുന്ന വര്‍ഷമാണ് 2023. അതിനു തുടക്കം കുറിക്കുന്നത് റോബോ അഭിഭാഷകന്റെ അരങ്ങേറ്റത്തോടെയാണ്.

ഡുനോട്ട്‌പേ (DoNotPay) എന്ന കമ്പനിയാണ് ലോകത്തെ ആദ്യ റോബോ വക്കീലിനെ നിര്‍മ്മിച്ചത്. ഡുനോട്ട്‌പേയുടെ സ്മാര്‍ട് ഫോണ്‍ ആപ് വഴി ആയിരിക്കും റോബോട്ട് കോടതിയിലെ സംഭാഷണങ്ങള്‍ മുഴുവന്‍ കേള്‍ക്കുന്നതും പ്രതിക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതും. ഒരു മനുഷ്യ അഭിഭാഷകനെ പോലെ തന്നെ എന്താണ് കോടതിയില്‍ പറയേണ്ടത് എന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ തന്റെ കക്ഷിക്ക് നല്‍കാന്‍ ഈ റോബോട്ടിനാവും. ഇയര്‍ഫോണ്‍ വഴിയായിരിക്കും നിര്‍ദേശം നല്‍കുക എന്ന് മാത്രം. 2015-ല്‍ ജോഷ്വ ബ്രൗഡര്‍ സ്ഥാപിച്ചതാണ് ഡുനോട്ട്‌പേ. ലോകത്തിലെ ആദ്യത്തെ റോബോട്ട് അഭിഭാഷകന്റെ ‘വീടാണ്’ ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഫീസ് പിഴയോ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസം നേരിടുന്ന കേസുകള്‍ ഉപഭോക്താക്കള്‍ക്ക് നിയമപദേശം നല്‍കുന്നതിനാണ് ഇത്തരത്തില്‍ ഒരു റോബോട്ടിനെ പരിശീലിപ്പിച്ചെടുത്തത് എന്നാണ് കമ്പനി പറയുന്നത്. കേസിന്റെ നിയമവശങ്ങള്‍ മുഴുവന്‍ റോബോട്ടിനെ പഠിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യമായിരുന്നു എന്നും കമ്പനി സ്ഥാപകന്‍ ബ്രൗഡര്‍ അവകാശപ്പെട്ടു.യുകെയില്‍ സ്പീഡിങ് ടിക്കറ്റ് കേസുകള്‍ വാദിക്കാന്‍ അഭിഭാഷകര്‍ക്ക് നല്‍കേണ്ടി വരുന്ന ഫീസ് വളരെ വലുതായതിനാലാണ് ഇത്തരത്തില്‍ റോബോട്ടുകളുടെ സഹായത്തോടെ ആളുകള്‍ക്ക് നിയമ ഉപദേശം നല്‍കാന്‍ തീരുമാനിച്ചത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഫെബ്രുവരിയിലാണ് റോബോ അഭിഭാഷകന്‍ ഹാജരാകുന്ന ആദ്യ കേസിന്റെ വാദം നടക്കുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട കൃത്യമായ തീയതിയോ കോടതിയുടെ പേരോ പ്രതിയുടെ വിവരങ്ങളോ ഇതുവരെയും റോബോട്ടിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല.കേസ് തോറ്റാല്‍ കോടതി വിധിക്കുന്ന പിഴ എത്രയായാലും അത് കമ്പനി അടയ്ക്കും എന്നാണ് ജോഷ്വ ബ്രൗഡര്‍ പറയുന്നത്. കോടതിയില്‍ പറയുന്ന കാര്യങ്ങള്‍ റോബോട്ട് പ്രോസസ്സ് ചെയ്യുകയും വിശകലനം ചെയ്യുകയും ചെയ്തതിനുശേഷം പ്രതിയെ ഉപദേശിക്കുകയും പ്രതികരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യുമെന്നാണ് ശാസ്ത്ര സാങ്കേതിക പ്രസിദ്ധീകരണമായ ന്യൂ സയന്റിസ്റ്റ് റോബോ അഭിഭാഷകന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.