ഇന്ത്യയില്‍ നിന്നും യുവാക്കളുടെ പാലായനം തുടരുന്നു ; 10 മാസത്തില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 1.83 ലക്ഷം പേര്‍ , പ്രതിദിനം 604 പേര്‍ ഇന്ത്യക്കാര്‍ അല്ലാതെയാകുന്നു

ഞെട്ടിക്കുന്ന ഒരു കണക്കാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പുറത്തു വിട്ടിരിക്കുന്നത്. ഇന്ത്യന്‍ യുവത്വം വ്യാപകമായി രാജ്യം വിട്ടു പോകുന്നു എന്നതാണ് അത്. കഴിഞ്ഞ വര്‍ഷം ആദ്യ പത്ത് മാസത്തിനിടെ 1.83 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായാണ് കണക്കുകള്‍ ചൂണ്ടികാട്ടുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു. കൃത്യമായി പറഞ്ഞാല്‍ ഒരു ലക്ഷത്തി എണ്‍പത്തി മൂവായിരത്തി എഴുനൂറ്റി നാല്‍പത്തിയൊന്ന് പേരാണ് ഇക്കാലയളവില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായാണ് കണക്ക്. പ്രതിദിനം പരിശോധിച്ചാല്‍ 604 പേര്‍ ഇന്ത്യ വിടുന്നതായി കണക്കാക്കാം എന്നും കോണ്‍ഗ്രസ് വക്താവ് ചൂണ്ടികാട്ടി.

ഇന്ത്യക്കാര്‍ വ്യാപകമായി പൗരത്വം ഉപേക്ഷിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. വിദേശകാര്യ മന്ത്രാലയത്തിന്റേത് എന്ന് അവകാശപ്പെടുന്ന കണക്കുകള്‍ വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിച്ചാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ മറുപടി പറയണമെന്നും കണക്കുകള്‍ പുറത്തുവിട്ടുകൊണ്ട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രം വ്യക്തമായ മറുപടി നല്‍കാന്‍ തയ്യാറാകണം എന്നും ഗൗരവ് വല്ലഭ് ആവശ്യപ്പെട്ടു. യു പി എ ഭരണകാലത്തെക്കാള്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2014 കണക്കിനേക്കാള്‍ രണ്ടിരട്ടിയോളം വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വക്താവ് വിശദീകരിച്ചത്. ഇത്തരത്തില്‍ നാട് ഉപേക്ഷിച്ചു പോകുന്നവരില്‍ മലയാളികളും ഏറെയാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.