കലോത്സവ സ്വാഗതഗാനത്തില്‍ മുസ്ലീങ്ങള്‍ ഭീകരര്‍ ; പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു മന്ത്രി
വിവാദങ്ങള്‍ ഒഴിയാതെ സംസ്ഥാന സ്‌കൂള്‍ കലോത്സവം. ആഹാരത്തിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങള്‍ തുടരവേ മുസ്ലിം വേഷധാരിയെ ഭീകരവാദിയായി ചിത്രീകരിച്ച സ്വാഗത ഗാന അവതരണവും വിവാദങ്ങളിലേക്ക്. സ്വാഗതഗാന അവതരണം സംബന്ധിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. കലോത്സവ ഗാനത്തിലെ പരാമര്‍ശവിധേയമായ ഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നിലപാടല്ല. സ്വാഗതഗാനം അവതരിപ്പിച്ച മാതാ പേരാമ്പ്രയെ വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികളില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന കാര്യം പരിഗണനയിലാണ്.
സ്‌കൂള്‍ കലോത്സവത്തിന്റെ ഓരോ വിഭാഗവും നിയന്ത്രിക്കുന്നത് അധ്യാപക സംഘടനകളാണ്. സ്വാഗത ഗാനം ഒരു സമിതി സ്‌ക്രീന്‍ ചെയ്തിരുന്നു. എന്നാല്‍ സ്റ്റേജ് ഡ്രസില്‍ അല്ലായിരുന്നു സ്‌ക്രീനിംഗ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതേസമയം സ്വാഗത ഗാന വിവാദത്തില്‍ നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ദൃശ്യാവിഷ്‌ക്കാരത്തില്‍ ഒരു ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരും, കേരളീയ സമൂഹവും ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്. തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും കാഴ്ചക്കാരായി ഇരിക്കുന്ന വേദിയില്‍ മുസ്ലിം വേഷധാരിയെ ഭീകരവാദിയായി ചിത്രീകരിച്ചതിനെതിരെ മുംസ്ലീം ലീഗ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സാഹോദര്യവും മതമൈത്രിയും ദേശസ്‌നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തില്‍ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചത് യാദൃച്ഛികമല്ല എന്നത് വ്യക്തമാണെന്ന് മുംസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് ആരോപിച്ചിരുന്നു.