മലയാളികള്‍ കുടിക്കുന്ന പാലിലും കൊടും മായം ; ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാല്‍ അതിര്‍ത്തിയില്‍ പിടികൂടി
കൊള്ളവില കൊടുത്തു മലയാളികള്‍ വാങ്ങി കുടിയ്ക്കുന്ന പാലിലും കൊടും മായം. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാല്‍ അതിര്‍ത്തിയില്‍ പിടികൂടി. ടാങ്കറില്‍ കൊണ്ടുവന്ന 15300 ലിറ്റര്‍ പാലാണ് കൊല്ലം ആര്യങ്കാവില്‍ പിടികൂടിയത്. ഇന്ന് രാവിലെ മൃഗസംരക്ഷണ വകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടാങ്കറില്‍ കൊണ്ടുവരികയായിരുന്ന പാല്‍ പിടികൂടിയത്.പാല്‍ കൂടുതല്‍ ദിവസം കേട് കൂടാതെ സൂക്ഷിക്കാന്‍ വേണ്ടിയാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ക്കുന്നത്.
ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥരാണ് പാല്‍ പിടികൂടിയത്. വാഹനം ആരോഗ്യ വകുപ്പിന് കൈമാറും. ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. മധുരയില്‍ നിന്നും പത്തനംതിട്ട ജില്ലയിലെ സംസ്‌കരണ യൂണിറ്റിലേക്ക് ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന 15300 ലിറ്റര്‍ പാലിലാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ് കണ്ടെത്തിയത്. രാവിലെ ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥന്‍ ഡോക്ടര്‍ അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിവന്ന പരിശോധനയിലാണ് പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉണ്ടെന്ന് കണ്ടെത്തിയത്.
സാമ്പിള്‍ ശേഖരിച്ച് തിരുവനന്തപുരം ലാബില്‍ വിദഗ്ധ പരിശോധനയ്ക്കായി അയക്കും. ഫലം വരുന്നത് പോസിറ്റീവ് ആണെങ്കില്‍ പാല്‍ നശിപ്പിക്കുകയും പാല്‍ വിതരണക്കാര്‍ക്കും യൂണിറ്റിനും എതിരെ നടപടി സ്വീകരിക്കും. തമിഴ്‌നാട്ടില്‍ നിന്നും മായം കലര്‍ത്തിയ പാല്‍ വ്യാപകമായി കേരളത്തിലേക്ക് എത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ ആര്യങ്കാവില്‍ പരിശോധന ശക്തമാക്കിയത്