അബൂദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിനു രൂപകല്പന തെരഞ്ഞെടുത്തത് യുഎഇ പ്രസിഡന്റ്
അബൂദാബിയില്‍ പൂര്‍ത്തിയായ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ രൂപകല്പന തെരഞ്ഞെടുത്ത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്. ഗള്‍ഫ് മാധ്യമമായ ഖലീജ് ടൈംസാണ് ഇക്കാര്യം വ്യക്തമാക്കിയത്. അബൂദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് ലളിതമായ കെട്ടിടത്തില്‍ നിന്ന് ഷെയ്ഖ് മുഹമ്മദ് വലിയ പരമ്പരാഗത ക്ഷേത്രത്തിനുള്ള രൂപകല്പന തെരഞ്ഞെടുത്തുവെന്ന് ഹിന്ദു നേതാവ് വ്യക്തമാക്കി. സാധാരണ ആരാധനാലയത്തിന് പകരം ഒരു പരമ്പരാഗത ശിലാക്ഷേത്രം തെരഞ്ഞെടുത്തുവെന്ന് ക്ഷേത്രത്തിന്റെ ചുമതലയുള്ള ബ്രഹ്മവിഹാരിദാസ് സ്വാമി വെളിപ്പെടുത്തി.
2018ല്‍ ബാപ്സ് പ്രതിനിധികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം ഷെയ്ഖ് മുഹമ്മദിനെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെത്തി കാണുകയും ക്ഷേത്രത്തിന്റെ രണ്ട് പ്ലാനുകള്‍ കാണിക്കുകയും ചെയ്തു. ഇതില്‍ നിന്നും മികച്ച രൂപകല്പനയാണ് ശൈഖ് മുഹമ്മദ് തെരഞ്ഞെടുത്തത്. 2015 ആഗസ്ററിലാണ് യുഎഇ സര്‍ക്കാര്‍ അബൂദാബിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ ഭൂമി അനുവദിച്ചത്. 13.5 ഏക്കര്‍ ഭൂമിയാണ് ക്ഷേത്ര നിര്‍മാണത്തിന് കൈമാറിയത്. പാര്‍ക്കിംഗ് സൗകര്യമേര്‍പ്പെടുത്താന്‍ 13.5 ഏക്കര്‍ ഭൂമി കൂടി പിന്നീട് അനുവദിച്ചു. യുഎഇ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ് അന്നത്തെ അബൂദാബി കിരീടാവകാശിയും ഇപ്പോഴത്തെ പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ഭൂമി കൈമാറിയത്.