ഭാര്യയുടെ ദേഷ്യം മാറ്റാന്‍ ഏഴ് ദിവസത്തെ ലീവ് തരണം ; പൊലീസുകാരന്റെ ലീവ് ലെറ്റര്‍ വൈറല്‍
ഉത്തര്‍പ്രദേശിലെ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ കഥയിലെ താരം. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില്‍ നിന്നുള്ള ഒരു കോണ്‍സ്റ്റബിള്‍ എസ്പിക്ക് സമര്‍പ്പിച്ച അവധി അപേക്ഷയാണ് ഓണ്‍ലൈനില്‍ വൈറലായത്. തന്റെ ഭാര്യയ്ക്ക് ഭയങ്കര ദേഷ്യം വന്നിരിക്കുകയാണ് എന്നും അതിനാല്‍ ലീവ് തന്നേ തീരൂ എന്നുമാണ് കോണ്‍സ്റ്റബിള്‍ എസ്പിക്ക് സമര്‍പ്പിച്ച് ലീവ് അപേക്ഷയില്‍ പറയുന്നത്. ലീവ് കിട്ടാത്ത കാരണം ദേഷ്യം വന്ന ഭാര്യ തന്റെ ഫോണ്‍കോളുകള്‍ പോലും അറ്റന്‍ഡ് ചെയ്യുന്നില്ല എന്നും ഇയാള്‍ അപേക്ഷയില്‍ പറയുന്നു.
മാത്രമല്ല, എപ്പോഴൊക്കെ ഇയാള്‍ വിളിക്കുന്നുവോ അപ്പോഴെല്ലാം ഫോണ്‍ ഭാര്യ ഇയാളുടെ അമ്മയുടെ കയ്യില്‍ കൊടുക്കുകയാണ്. അതിനി എത്ര തവണ വിളിച്ചാലും ശരി. കഴിഞ്ഞ മാസം മാത്രമാണ് താന്‍ വിവാഹിതന്‍ ആയതെന്നും അധികം സമയം ഭാര്യയുടെ കൂടെ ചെലവഴിക്കാതെ ജോലിക്ക് കയറേണ്ടി വന്നു എന്നും അവധിക്ക് വേണ്ടിയുള്ള അപേക്ഷയില്‍ പറയുന്നു.
അവധി കിട്ടാത്തത് ഭാര്യയെ ദേഷ്യം കൊള്ളിച്ചു. അതിന് ശേഷം ഭാര്യ തന്നോട് സംസാരിക്കുന്നില്ല. ‘എന്റെ മരുമകന്റെ ജന്മദിനത്തില്‍ ഞാന്‍ വീട്ടിലേക്ക് വരുമെന്ന് ഞാന്‍ ഭാര്യയ്ക്ക് വാക്ക് കൊടുത്തിട്ടുണ്ട്. ദയവായി എനിക്ക് ജനുവരി 10 മുതല്‍ ഏഴ് ദിവസത്തെ കാഷ്വല്‍ ലീവ് അനുവദിക്കണം’ എന്നാണ് അവധി അപേക്ഷയില്‍ പറയുന്നത്. ഏതായാലും കത്ത് വൈറലാവുക മാത്രമല്ല, പൊലീസുകാരന് അഞ്ച് ദിവസത്തെ കാഷ്വല്‍ ലീവ് അനുവദിക്കപ്പെടുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.