ഭാര്യയെ കൊന്നു വീട്ടുമുറ്റത്തു കുഴിച്ചിട്ട ആള്‍ ഒന്നര വര്‍ഷത്തിന് ശേഷം പിടിയില്‍ ; ചുരുളഴിഞ്ഞത് കൊലപാതക കഥ

ഭാര്യയെ കൊന്ന് വീടിനു സമീപം കുഴിച്ചിട്ടയാള്‍ ഒന്നര കൊല്ലത്തിനു ശേഷം പിടിയില്‍. എറണാകുളം എടവനക്കാടാണ് സംഭവം. ഒന്നര വര്‍ഷമായി കാണാനില്ലെന്ന് പരാതി നല്‍കിയ ഭാര്യയുടെ മൃതദേഹമാണ് വീട്ടുമുറ്റത്തു നിന്നും പുറത്തെടുത്തത്. സംഭവത്തില്‍ വാചാക്കല്‍ സജീവനാണ് പൊലീസ് പിടിയിലായത്. സജീവന്റെ ഭാര്യ രമ്യ (32) ആണ് കൊല്ലപ്പെട്ടത്. സജീവന്‍ രമ്യയെ കൊന്ന് വീട്ടിന് സമീപം കുഴിച്ചിടുകയായിരുന്നു. ഇയാള്‍ തന്നെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് സിനിമാക്കഥകളെ വെല്ലുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

രമ്യ വിദേശത്തേയ്ക്കു പോയെന്നും പിന്നീട് വിവരമൊന്നുമില്ലെന്നും കാട്ടി സജീവന്‍ പൊലീസീല്‍ പരാതി നല്‍കിയിരുന്നു. സജീവന്‍ നല്‍കിയ മൊഴികളില്‍ തോന്നിയ വൈരുദ്ധ്യമാണ് കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്. കേസന്വേഷണത്തില്‍ സജീവന്‍ കാര്യമായ താല്‍പര്യം കാണിക്കാതിരുന്നതും മൊഴികളിലെ വൈരുദ്ധ്യവും ശ്രദ്ധിച്ച പൊലീസ് സജീവനെ നിരീക്ഷിച്ചു വരികയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ സജീവന്‍ ഭാര്യയെ കൊന്ന് കുഴിച്ചിട്ടതായി സമ്മതിച്ചു.

ഞാറയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ കാര്‍പോര്‍ച്ചിനോടു ചേര്‍ന്നുള്ള സ്ഥലത്തു കുഴിച്ചു നടത്തിയ പരിശോധനയില്‍ അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തി. അയല്‍വാസികള്‍ക്കടക്കം യാതൊരു സംശയവും തോന്നാത്ത രീതിയിലായിരുന്നു സജീവന്റെ പെരുമാറ്റം. ഭാര്യയെ കാണാനില്ലാത്തതു പോലെയാണ് ഇയാള്‍ പെരുമാറിയതെന്ന് അയല്‍വാസികളും പറയുന്നു.വാച്ചാക്കലില്‍ വാടകക്ക് താമസിച്ച് വരുന്നതിനിടെ 2021 ഒക്ടോബര്‍ 16 നാണ് രമ്യയെ കൊലപ്പെടുത്തിയതെന്നാണ് ഭര്‍ത്താവ് സജീവന്‍ പൊലീസിന് നല്‍കിയ മൊഴി. ഭാര്യയെ സംബന്ധിച്ച് ചില സംശയങ്ങള്‍ സജീവനുണ്ടായിരുന്നു. ഒക്ടോബര്‍ 16 ന് രമ്യയുമായി വാക്കുതര്‍ക്കമായി. തര്‍ക്കത്തിനിടെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തി. പകല്‍ സമയത്താണ് കൊലപാതകം നടത്തിയത്. മൃതദേഹം ഒളിപ്പിച്ച ശേഷം രാത്രി വീട്ടു മുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് മൊഴി.

‘വഴക്കിട്ട് അമ്മ മറ്റൊരാളുടെ കൂടെ പോയി’ എന്നാണ് അമ്മയെ അന്വേഷിച്ച മക്കളോട് ഇയാള്‍ പറഞ്ഞത്. എന്നാല്‍ രമ്യയെ അന്വേഷിച്ച ബന്ധുക്കളോടും അയല്‍വാസികളോടും അവര്‍ ബാംഗ്ലൂര്‍ പഠിക്കാന്‍ പോയെന്നും പറഞ്ഞു. മക്കളുടെ സംസാരത്തില്‍ പിന്നീടാണ് സംശയം തോന്നിയതെന്നും മക്കള്‍ക്ക് ഒന്നും അറിയില്ലായിരുന്നുവെന്നും സഹോദരന്‍ വിശദീകരിച്ചു. വൈപ്പിന്‍ ഞാറക്കലില്‍ നിന്നും കാണാതായ രമ്യയെ ഭര്‍ത്താവ് കൊന്ന് കുഴിച്ചുമുടുകയായിരുന്നുവെന്നാണ് ഒന്നരവര്‍ഷത്തിന് ശേഷം തെളിഞ്ഞത്. വാച്ചാക്കലില്‍ വാടകക്ക് താമസിച്ച് വരികയായിരുന്നു വൈപ്പിന്‍ സ്വദേശികളായ കൊല്ലപ്പെട്ട രമ്യയും ഭര്‍ത്താവ് സജീവനും.

ഒന്നരവര്‍ഷം മുമ്പാണ് രമ്യയെ വീട്ടില്‍ നിന്നും കാണാതായത്. അയല്‍വാസികള്‍ വിവരമന്വേഷിച്ചപ്പോള്‍ ബംഗ്ലൂരുവില്‍ ജോലി കിട്ടിയ രമ്യ അങ്ങോട്ട് പോയെന്നായിരുന്നു സജീവന്‍ മറുപടി നല്‍കിയത്. ഇതിന് ശേഷം ഒരുപാട് കാലമായിട്ടും വിവരമൊന്നുമില്ലാതായതോടെ കഴിഞ്ഞ മാസങ്ങളില്‍ ബന്ധുക്കളും രമ്യയെ അന്വേഷിച്ചു. ഇതോടെ സജീവന്‍ ഭാര്യയെ കാണ്മാനില്ലെന്ന് പൊലീസില്‍ ഒരു പരാതി നല്‍കി. പത്തനംതിട്ടയിലെ നരബലി കേസുകള്‍ പുറത്ത് വന്ന സമയത്ത് പൊലീസ് മിസിംഗ് കേസുകളില്‍ കാര്യമായ അന്വേഷണം നടത്തി. ഇതിന്റെ ഭാഗമായി രമ്യയുടെ തിരോധാനവും അന്വേഷിച്ചു. ഇതുമായി ബന്ധപ്പെട്ട മൊഴിയെടുക്കലിനൊടുവിലാണ് കൊലപാതക വിവരം പുറത്തായത്. ഭാര്യയെ താന്‍ കൊന്ന് മൃതദേഹം പറമ്പില്‍ തന്നെ കുഴിച്ച് മൂടിയെന്നായിരുന്നു ഒടുവില്‍ സജീവന്‍ നടത്തിയ കുറ്റസമ്മതം.