ടോറസ് ഇരു ചക്രവാഹനത്തിലിടിച്ച് ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു ; മൂന്ന് ദിവസത്തിനിടെ മരണം നാല്

നമ്മുടെ നിരത്തുകളില്‍ ടോറസ് മൂലമുണ്ടാകുന്ന അപകടം തുടര്‍ക്കഥയാകുന്നു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ നീരേറ്റുപുറം ക്ഷേത്രത്തിനു സമീപമുള്ള പെട്രോള്‍ പമ്പിന് സമീപത്തുണ്ടായ അപകടത്തില്‍ ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു. അമിതവേഗത്തിലെത്തിയ ടോറസ് സ്‌കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്. എടത്വാ ചങ്ങങ്കരി മുരളീസദനത്തില്‍ മുരളിധരന്‍ നായരുടെ മകള്‍ മഞ്ജുമോള്‍ എം (42) ആണ് മരണപെട്ടത്. പൊടിയാടി സ്വകാര്യ ബാങ്കില്‍ അകൗണ്ടന്റായി ജോലി നോക്കുന്ന മഞ്ജുമോള്‍ രാവിലെ ഓഫീസിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. ടോറസ് സ്‌കൂട്ടറില്‍ ഇടിച്ചതോടെ മഞ്ജുമോള്‍ ടോറസിന്റെ പിന്‍ വീലിനടിയില്‍ പെടുകയായിരുന്നു. തലയിലൂടെ വീല്‍ കയറിയിറങ്ങിയ യുവതി തല്‍ക്ഷണം മരിച്ചു.

എടത്വാ പോലീസ് മേല്‍ നടപടി സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. മാതാവ്: ഓമന. ചമ്പക്കുളം പോരുക്കര സ്‌കൂളില്‍ പഠിക്കുന്ന ഒന്‍പതാം ക്ലാസ്റ്റ് വിദ്യാര്‍ഥി ദേവിക ഏക മകളാണ്. അതിനിടെ അപകടമുണ്ടാക്കിയ ടോറസിന് ഒപ്പമെത്തിയ നാലു ടിപ്പര്‍ ലോറികള്‍ക്ക് കടന്നുപോകാന്‍ പൊലീസ് സൗകര്യമൊരുക്കിയതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. പ്രതിഷേധിച്ച ഇരുചക്രവാഹനക്കാരുടെ താക്കോല്‍ പൊലീസ് ഊരിയെടുത്തു. തുടര്‍ന്ന് എസ്ഐയെ യാത്രക്കാരും നാട്ടുകാരും തടഞ്ഞുവെച്ചു. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മൂന്ന് ടോറസ് അപകടങ്ങളിലായി നാലുപേരാണ് മരിച്ചത്.

സ്‌കൂള്‍ സമയം കണക്കിലെടുത്ത് രാവിലെ എട്ടു മുതല്‍ 11 വരെയും വൈകീട്ട് നാലു മുതല്‍ ആറു വരെയുമാണ് ടോറസ്-ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പല സ്ഥലങ്ങളിലും ഇത് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പിക്കാന്‍ പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. കൂടുതല്‍ ട്രിപ്പുകള്‍ ഓടി കൂടുതല്‍ കാശ് വാങ്ങുന്നതിന് വേണ്ടിയാണ് ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ അമിത വേഗത്തില്‍ ഓടുന്നത്. കിട്ടേണ്ടത് കിട്ടുമ്പോള്‍ പോലീസും എം വി ഡിയും ഈ നിയമലംഘനം കണ്ടില്ല എന്ന് നടിക്കുകയാണ് പതിവ്.