ഡല്‍ഹിയില്‍ കാറിനടിയില്‍ പെട്ട് യുവതി കൊല്ലപ്പെട്ട സംഭവം : 11 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡല്‍ഹിയില്‍ പുതുവത്സര ദിനത്തില്‍ കാറിനടിയില്‍ കുടുങ്ങി യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ 11 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ട് കണ്‍ട്രോള്‍ റൂമുകളിലുള്ള പോലീസുകാരെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. യുവതി കാറിനടയില്‍ കുടുങ്ങിയ വിവരം അവഗണിച്ചുവെന്ന് കണ്ടെത്തിയതിലാണ് നടപടി. പെണ്‍കുട്ടി കാറിനടിയില്‍ കുടുങ്ങിയ വിവരം പലരും വിളിച്ചറിയിച്ചിട്ടും പൊലീസ് അവഗണിച്ചുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇവര്‍ക്ക് വാഹനം കണ്ടെത്താന്‍ കഴിയാതിരുന്നതും നടപടിക്ക് കാരണമായി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയോട് സംഭവത്തിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. കൊല്ലപ്പെട്ട അഞ്ജലിയുടേത് നിര്‍ഭയ മോഡല്‍ കൊലയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതുവത്സര ദിനത്തില്‍ അഞ്ജലി സിംഗ് എന്ന യുവതിയാണ് യുവാക്കള്‍ ഓടിച്ച കാറിന് അടിയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. അഞ്ജലിയുടെ ശരീരത്തില്‍ 40 ഇടങ്ങളില്‍ മാരകമായ രീതിയില്‍ പരിക്കേറ്റിട്ടുണ്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കിലോമീറ്ററുകളോളം റോഡിലില്‍ ശരീരും ഉരഞ്ഞ് തലച്ചോര്‍ മൃതദേഹത്തില്‍ നിന്നും വേര്‍പെട്ട് കാണാതായി. നട്ടെല്ല് തകര്‍ന്നു. റോഡില്‍ ഉരഞ്ഞ് പെണ്‍കുട്ടിയുടെ ശരീരത്തിന്റെ പുറകുവശത്തെ തൊലി പൂര്‍ണമായി ഉരഞ്ഞു അടര്‍ന്നു.