വഴിയില്‍ കിടന്ന മദ്യം കഴിച്ച് മരണം ; നടന്നത് കൊലപാതകം ; പ്രതി കുറ്റം സമ്മതിച്ചു

ഇടുക്കി : അടിമാലിയില്‍ വഴിയില്‍ കിടന്ന മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവം കൊലപാതകം തന്നെ. മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷ് കുറ്റം സമ്മതിച്ചു. മനോജിനെ കൊല്ലാനാണ് സുധീഷ് ഉന്നം ഇട്ടത്. ബീവറേജില്‍ നിന്നും മദ്യം വാങ്ങി വിഷം കലര്‍ത്തിയെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മദ്യം കൊണ്ടുപോയി കൊടുത്തത് സുധീഷ് തന്നെയാണ്. സംശയത്തെ തുടര്‍ന്ന് നടത്തിയ ചോദ്യലാണ് കൊലപാതകം ആണെന്ന് തെളിഞ്ഞത്.ജനുവരി എട്ടിന് രാവിലെയാണ് അടിമാലി അഫ്‌സരകുന്നില്‍ നിന്നും വീണ് കിട്ടിയ മദ്യം അനില്‍ കുമാര്‍, കുഞ്ഞുമോന്‍, മനോജ് എന്നിവര്‍ ചേര്‍ന്ന് കുടിച്ചതും പിന്നീട് അവശനിലയിലായതും.

ആദ്യം അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ജനുവരി 12 നാണ് അടിമാലി പടയാട്ടില്‍ കുഞ്ഞുമോന്‍ മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. വഴിയില്‍ കിടന്ന് ലഭിച്ചെന്ന് പറഞ്ഞ് സുധീഷാണ് മദ്യം മദ്യം നല്‍കിയതെന്ന് ചികിത്സയിലുള്ളവര്‍ പൊലീസ് മൊഴി നല്‍കിയിരുന്നു. കത്തിച്ച നിലയില്‍ മദ്യക്കുപ്പിയും പൊലീസ് പിന്നീട് കണ്ടെടുത്തുകയും ചെയ്തു. സംഭവം കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു.

വഴിയില്‍നിന്നു കിട്ടിയ മദ്യം കഴിച്ച മൂന്നു യുവാക്കളില്‍ ഒരാള്‍ മരിച്ചെന്ന തരത്തിലായിരുന്നു ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ മദ്യം കഴിച്ച അനില്‍ കുമാര്‍, കുഞ്ഞുമോന്‍, മനോജ് എന്നിവര്‍ കോട്ടയം മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അടിമാലി അപ്‌സരക്കുന്നില്‍ വച്ച് മദ്യകുപ്പി കളഞ്ഞ് കിട്ടിയെന്നും അത് കുടിച്ചാണ് ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടതെന്നുമാണ് ആദ്യം ഇവര്‍ പറഞ്ഞിരുന്നത്. ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടതോടെ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില മോശമായതിനെ തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെയാണ് അവശ നിലയിലായ കുഞ്ഞുമോന്‍ മരിച്ചത്. അതിന് പിന്നാലെയാണ് ഇത് കൊലപാതകമാണെന്ന വാര്‍ത്ത പുറത്തുവരുന്നത്.