ഒരു മാസത്തിനിടെ 60000 മരണം ; അവസാനം കൊവിഡ് മരണ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന
കോവിഡ് മരണകണക്ക് പുറത്തു വിട്ട് ചൈന. ചൈനയില്‍ ഒരു മാസത്തിനുള്ളില്‍ 60,000 കൊവിഡ് മരണങ്ങള്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ ആദ്യം വൈറസ് വ്യാപനം ശക്തമായതിനു ശേഷം സര്‍ക്കാര്‍ പുറത്തുവിടുന്ന ആദ്യത്തെ പ്രധാന റിപ്പോര്‍ട്ടാണിത്. 2022 ഡിസംബര്‍ 8 നും ഈ വര്‍ഷം ജനുവരി 12 നും ഇടയില്‍ ചൈനയില്‍ 59,938 കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയതായി ദേശീയ ആരോഗ്യ കമ്മീഷനു കീഴിലുള്ള ബ്യൂറോ ഓഫ് മെഡിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ മേധാവി ജിയാവോ യാഹുയി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആശുപത്രികളില്‍ രേഖപ്പെടുത്തിയിട്ടുള്ള മരണങ്ങള്‍ മാത്രമാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്നാണ് വിവരം.
കൊറോണ വൈറസ് മൂലം നേരിട്ട് ശ്വാസതടസ്സം മൂലമുണ്ടാകുന്ന 5,503 മരണങ്ങളും കൊവിഡുമായി ബന്ധപ്പെട്ട് അടിസ്ഥാന രോഗങ്ങള്‍ മൂലമുണ്ടാകുന്ന 54,435 മരണങ്ങളും ഈ കണക്കില്‍ ഉള്‍പ്പെടുന്നു. ഡിസംബര്‍ ആദ്യം സീറോ കൊവിഡ് നയം ഉപേക്ഷിച്ചതിന് ശേഷം ചൈന കൊവിഡ് മരണങ്ങളുടെ എണ്ണം കുറച്ചുകാണിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കൃത്യമായ സംഖ്യ ഒളിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. കൊവിഡ് മരണങ്ങളെ തരംതിരിക്കുന്നതിനുള്ള രീതി ചൈന പരിഷ്‌കരിച്ചിരുന്നു, വൈറസ് മൂലമുണ്ടാകുന്ന ശ്വാസ തടസ്സം കാരണം മരിക്കുന്നവരെ മാത്രമേ കണക്കില്‍ പെടുത്തൂ എന്നാണ് പറഞ്ഞിരുന്നത്.
എന്നാല്‍ ഈ രീതിയെ ലോകാരോഗ്യ സംഘടന വിമര്‍ശിച്ചു. ആശുപത്രിയിലെയും മറ്റുള്ളയിടങ്ങളിലെയും മരണത്തെ കുറിച്ചുള്ള കൂടുതല്‍ വ്യക്തമായ ഡാറ്റ പുറത്തുവിടണമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടിരുന്നു.കൊവിഡ് മൂലം മരിച്ചവരുടെ ശരാശരി പ്രായം 80.3 വയസ്സായിരുന്നു. മരിച്ചവരില്‍ 90 ശതമാനത്തിലധികം പേരും 65 വയസ്സിനു മുകളിലുള്ളവരാണെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. ചൈനയില്‍ 60 വയസ്സിനു മുകളിലുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ വാക്‌സിന്‍ എടുക്കാത്തവരാണ്.