ആത്മഹത്യാശ്രമം ; നടന്‍ വിജയകുമാറിനെ കുറ്റവിമുക്തനാക്കി

ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസില്‍ നടന്‍ വിജയകുമാറിനെ കുറ്റവിമുക്തനാക്കി. വിചാരണക്കോടതിയാണ് മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ നടനെ കുറ്റവിമുക്തനാക്കിയത്. തൃക്കാക്കര അസി. കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ വിജയകുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്നതായിരുന്നു കേസ്. പേപ്പര്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി എടുത്ത് നടന്‍ ഞരമ്പ് മുറിക്കാന്‍ നോക്കി എന്നതായിരുന്നു പൊലീസ് വാദം. വിജയകുമാര്‍ കുറ്റംചെയ്തതായി സ്ഥാപിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല.

കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള 2 സാക്ഷികളുടെ മൊഴികള്‍ വിജയകുമാറിന് അനുകൂലമായിരുന്നു. ദൃക്‌സാക്ഷിയായി പ്രോസിക്യൂഷന്‍ ഹാജരാക്കിയ സ്വതന്ത്രസാക്ഷിയുടെ മൊഴികള്‍ വിശ്വസനീയമല്ലെന്നു മജിസ്‌ട്രേട്ട് കോടതി ചൂണ്ടിക്കാട്ടി. കളമശേരിയില്‍ മുളക് പൊടി വിതറി 25 ലക്ഷം തട്ടിയെന്ന കേസിലാണ് വിജയകുമാറിനെ പൊലീസ് ചോദ്യം ചെയ്തത്. ഇതിനു പിന്നാലെയാണ് ചോദ്യം ചെയ്യലിനിടയ്ക്ക് താരം ആത്മഹത്യാ ശ്രമം നടത്തിയത് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.

2009 ഫെബ്രുവരി 11-നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. 25 ലക്ഷം രൂപ തട്ടിച്ചെന്ന കേസില്‍ ചോദ്യം ചെയ്യാനായി നടന്‍ വിജയകുമാറിനെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷര്‍ ഓഫീസിലേക്ക് വിളിച്ച് വരുത്തിയപ്പോഴാണ് വിജയ് കുമാര്‍ ആത്മഹത്യാശ്രമം നടത്തിയത്. സിഐയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിനിടെ സമീപത്തുണ്ടായിരുന്ന പൊലീസുകാരനെ തള്ളി വീഴ്ത്തി മുറിയിലെ കടലാസ് മുറിയ്ക്കുന്ന കത്തിയെടുത്ത് കൈയ്യിലെ ഞരമ്പ് അറുത്ത് വിജയകുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നായിരുന്നു പൊലീസ് ഭാഷ്യം. പൊലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം നടത്തിയതിനും ആത്മഹത്യ ശ്രമത്തിനുമായിരുന്നു വിജയകുമാറിന് എതിരായ കേസ്.

എന്നാല്‍ കോടതിയില്‍ കേസ് സംശയാതീതമായി തെളിയിക്കാന്‍ പൊലീസിനായില്ല. കുറ്റവിമുക്തനായെങ്കിലും ചെയ്യാത്ത തെറ്റിന്റെ പേരില്‍ താരസംഘടന അമ്മ ഒറ്റപ്പെടുത്തിയത് ഏറെ വേദനിപ്പിച്ചെന്ന് വിജയകുമാര്‍. വിജയകുമാറിനെതിരായ 25 ലക്ഷം രൂപയുടെ പണാപഹരണ കേസ് പറവൂര്‍ കോടതി നേരത്തെ തള്ളിയിരുന്നു. ഇവയടക്കം അഞ്ച് കേസുകളാണ് വിജയകുമാറിനെതിരെ ഉണ്ടായിരുന്നത്. എല്ലാ കേസുകളിലും കോടതി കുറ്റവിമുക്തനാക്കിയെന്ന് വിജയകുമാര്‍ അറിയിച്ചു. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ഷാജി കൈലാസിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുകയാണ് വിജയകുമാര്‍.