ജനാഭിമുഖ കുര്‍ബാന അനുവദിക്കാനാകില്ലെന്ന് സിറോ മലബാര്‍ സഭ

എറണാകുളം : ജനാഭിമുഖ കുര്‍ബാന അനുവദിക്കാനാകില്ലെന്ന് സിറോ മലബാര്‍ സഭ സിനഡ്. എറണാകുളം അങ്കമാലി അതിരൂപതയുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയോഗിച്ച മെത്രാന്‍ സമിതി ചര്‍ച്ചകള്‍ തുടരുമെന്ന് സിനഡ് വ്യക്തമാക്കി. സഭയുടെ പൊതുനന്മ ബലി കഴിച്ചു കൊണ്ടുള്ള ഒത്തുതീര്‍പ്പിന് സാധിക്കില്ലെന്നാണ് സിനഡിന്റെ നിലപാട്. പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറണമെന്ന് വൈദികരോടും വിശ്വാസികളോടും സിനഡ് ആവശ്യപ്പെട്ടു. മാര്‍പാപ്പ നിയമിച്ചവരെ പോലും തിരസ്‌കരിക്കുന്ന നിലപാട് അംഗീകരിക്കാന്‍ ആവില്ലെന്നും സിനഡ് വ്യക്തമാക്കി. ബസിലിക്കയിലെ പ്രതിഷേധ പ്രകടനങ്ങള്‍ അപലപനീയമാണെന്ന് സിനഡ് പറയുന്നു. കുര്‍ബാനയെ സമരമാര്‍ഗ്ഗം ആക്കിയ വൈദികരും പ്രതികരിച്ച വിശ്വാസികളും ഒരുപോലെ മുറിവുണ്ടാക്കി.

കുര്‍ബാനയെ അവഹേളിച്ചതിന് പരിഹാരമായി ഒരു മണിക്കൂര്‍ നിശബ്ദ ആരാധന നടത്താന്‍ സിനഡ് ആഹ്വാനം ചെയ്തു.ആരാധനാ വിഷയങ്ങളിലെ അന്തിമ തീരുമാനം എടുക്കുന്നത് സിനഡും മാര്‍പ്പാപ്പയുമാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലറിലൂടെ പറഞ്ഞു. സഭാ സിനഡിന്റെ തീരുമാനം മാനിക്കാതെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് നിയമവിരുദ്ധമാണ്. സഭയുടെ ആധികാരിക പ്രബോധനങ്ങളും തീരുമാനവും ബലികഴിച്ചുള്ള ഒത്തുതീര്‍പ്പ് സാധ്യമല്ല. കുര്‍ബാന ഏകീകരണം നടപ്പിലാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലറിലൂടെ അറിയിച്ചു.