നേപ്പാള്‍ വിമാനദുരന്തം ; മരിച്ചവരില്‍ അഞ്ച് ഇന്ത്യക്കാരും
നേപ്പാള്‍ വിമാന ദുരന്തത്തെത്തില്‍ മരിച്ച 68 യാത്രക്കാരില്‍ അഞ്ച് പേര്‍ ഇന്ത്യക്കാര്‍ എന്നു റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് നെപ്പാളില്‍ വിമാനം തകര്‍ന്ന് വീണ് അപകടം സംഭവിക്കുന്നത്. 45 പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചു കഴിഞ്ഞു. അപകടസമയത്ത് 68 യാത്രക്കാരും നാല് ജിവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം നടന്നത്. കാഠ്മണ്ഡുവില്‍ നിന്ന് പോയ എടിആര്‍-72 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൊഖാറ വിമാനത്താവളത്തിലെ റണ്‍വേയിലാണ് വിമാനം തകര്‍ന്ന് വീണത്. തകര്‍ന്ന് വീണയുടന്‍ തന്നെ വിമാനത്തിന് തീ പിടിച്ചതാണ് ദുരന്തത്തിന്റെ വ്യാപത് വര്‍ധിപ്പിച്ചത്.
മോശം കാലാവസ്ഥയാകാം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നിരുന്നാലും വിമാനത്താവളത്തിന്റെ റണ്‍വേയില്‍ പ്രശ്നങ്ങളുണ്ടായിരുന്നോ, അതാണോ അപകടത്തിന് കാരണമെന്ന് വിദഗ്ധ സംഘം അന്വേഷിക്കുന്നുണ്ട്. വിമാനത്തില്‍ അഞ്ച് ഇന്ത്യാക്കാരടക്കം 14 വിദേശികളുണ്ടായിരുന്നു. 53 നേപ്പാള്‍ സ്വദേശികളും നാല് റഷ്യന്‍ പൗരന്മാരും രണ്ട് കൊറിയക്കാരും അയര്‍ലണ്ട്, അര്‍ജന്റീന, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ പേരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് വിവരം. രണ്ട് കൈക്കുഞ്ഞുങ്ങളടക്കം മൂന്ന് കുട്ടികളും വിമാനത്തില്‍ ഉണ്ടായിരുന്നു.
കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോയ വിമാനം പൊഖാറയിലെ റണ്‍വേക്ക് സമീപം തകര്‍ന്ന് വീണ് കത്തിനശിക്കുകയായിരുന്നു. രാവിലെ 10.33 ന് പറന്നുയര്‍ന്ന വിമാനം ലക്ഷ്യത്തിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെയാണ് അപകടത്തില്‍പെട്ടത്. റണ്‍വേയിലെത്തുന്നതിന് മുന്‍പ് ഉഗ്ര ശബ്ദത്തോടെ വിമാനം നിലംപൊത്തിയെന്നും തീപിടിച്ചുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിമാനത്തിന് തീപിടിച്ചതിനാല്‍ തുടക്കത്തില്‍ ആളുകള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ല. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നാല് ജീവനക്കാരടക്കം 72 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 15 ദിവസം മുന്‍പാണ് ഈ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയത്.