ജെല്ലിക്കെട്ട് ; കാളയുടെ കുത്തേറ്റ് രണ്ടു യുവാക്കള്‍ മരിച്ചു
മാട്ടുപ്പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ജല്ലിക്കെട്ടുകളില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മധുര പാലമേടിലും ട്രിച്ചി സൂരിയൂരിലും പുരോഗമിക്കുന്ന ജല്ലിക്കെട്ടുകളിലാണ് രണ്ട് പേര്‍ മരിച്ചത്. ട്രിച്ചി സൂരിയൂരില്‍ നടന്ന ജല്ലിക്കെട്ട് കാണാനെത്തിയ പുതുക്കോട്ട കണ്ണക്കോല്‍ സ്വദേശി അരവിന്ദ് (25) എന്നയാളെ കാള കുത്തിക്കൊന്നു. പാലമേട് ജല്ലിക്കെട്ടിനിടെ കാളപ്പോരിനിറങ്ങിയ മധുര സ്വദേശി അരവിന്ദ് രാജ് എന്നയാളും കാളയുടെ കുത്തേറ്റ് മരിച്ചിരുന്നു. കളത്തിലേക്കുവന്ന പാടെ പിടിക്കാന്‍ ശ്രമിച്ച ഇരുപത്തിയാറുകാരനായ അരവിന്ദ് രാജിനെ കാള കൊമ്പില്‍ത്തൂക്കി എറിയുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഉടന്‍ തന്നെ മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി പാലമേട് ജല്ലിക്കട്ടില്‍ പതിനേഴ് പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ച് പേരുടെ പരിക്ക് സാരമായതാണ്. ഇന്നലെ നടന്ന ആവണീയപുരം ജല്ലിക്കെട്ടില്‍ 75 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 22 പേരുടെ പരിക്ക് സാരമായതാണ്. കാളപ്പോരുകാരും ഉടമകളും കാണികളും പൊലീസുകാരുമുള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. എണ്ണൂറോളം കാളകളും 257 കാളപ്പോരുകാരുമാണ് ആവണിയാപുരം ജല്ലിക്കട്ടിനിറങ്ങിയത്. പതിവായി ഉണ്ടാകുന്ന പരിക്കുകളേക്കാള്‍ ഏറെ കുറവായിരുന്നു ഇത്തവണയുണ്ടായത്. ട്രോമ കെയര്‍ സൗകര്യം ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തെ സജ്ജീകരിച്ചിരുന്നതിനാലാണ് അത്യാഹിതങ്ങള്‍ തടയാനായതെന്ന് സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ തവണയും കാളയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചിരുന്നു. നാളെയാണ് അളങ്കാനല്ലൂര്‍ ജല്ലിക്കെട്ട്. കനത്ത സുരക്ഷയാണ് അവിടെ ഒരുക്കിയിരിക്കുന്നത്.