തിരുവനന്തപുരത്തെ തീരശോഷണത്തിനു കാരണം വിഴിഞ്ഞം തുറമുഖ പദ്ധതി അല്ല എന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരത്തെ തീരശോഷണത്തിനു കാരണം വിഴിഞ്ഞം തുറമുഖ പദ്ധതി അല്ല എന്ന് റിപ്പോര്‍ട്ട്. വലിയതുറ, ശംഖുംമുഖം തുടങ്ങി തിരുവനന്തപുരത്തെ തീരദേശത്തെ കടലേറ്റത്തിനും തീരശോഷണത്തിനും വിഴിഞ്ഞം തുറമുഖനിര്‍മാണം അല്ല കാരണം എന്നാണ് പഠനറിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ട്‌കോനളജി (എന്‍ഐഒടി) പുറത്തിറക്കിയ ധവളപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരമാണ് ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി പഠനം നടത്തിയത്. വിഴിഞ്ഞം തുറമുഖനിര്‍മാണം നടക്കുന്നത് മുട്ടം-കോവളം സെഡിമെന്റല്‍ സെല്‍ മേഖലയിലാണ്. ഇവിടെ എന്തെങ്കിലും പാരിസ്ഥിതികാഘാതമുണ്ടായാല്‍ ഇതിനു പുറത്തുള്ള മേഖലയിലേക്കു വ്യാപിക്കില്ലെന്നു പഠനം പറയുന്നു.മുന്‍പില്ലാത്ത വിധം തെക്കന്‍തീരത്ത് വലിയ ചുഴലിക്കാറ്റുകളുടെ സ്വാധീനമുണ്ടാകുന്നതാണ് തീരശോഷണത്തിനു പ്രധാന കാരണമായി പഠനം കണ്ടെത്തിയിരിക്കുന്നത്.
കൂടാതെ ഓഖിക്കു ശേഷം തീരപുനര്‍നിര്‍മാണം ഈ ഭാഗങ്ങളില്‍ നടക്കുന്നില്ലെന്നും കണ്ടെത്തലുണ്ട്. വലിയതുറ, ശംഖുംമുഖം തീരങ്ങള്‍ വിഴിഞ്ഞം തുറമുഖനിര്‍മാണ കേന്ദ്രത്തില്‍നിന്ന് പതിനഞ്ച് കിലോമീറ്റര്‍ ദൂരം അകലെയാണ്. അതുകൊണ്ടുതന്നെ തുറമുഖനിര്‍മാണ മേഖലയിലുണ്ടാകുന്ന പാരിസ്ഥിതികാഘാതങ്ങള്‍ വലിയതുറ, ശംഖുംമുഖം പ്രദേശങ്ങളില്‍ ബാധിക്കില്ല.തുറമുഖം വരുന്നതിനു മുന്നെയും വലിയതുറ, ശംഖുംമുഖം, പൂന്തുറ മേഖലകളില്‍ തീരശോഷണമുണ്ടായതായി പഠനങ്ങളില്‍നിന്നു വ്യക്തമാണ്. ഓഖിക്കു ശേഷം നല്ല കാലാവസ്ഥയുള്ളപ്പോഴും തീരപുനര്‍നിര്‍മാണം സാധ്യമല്ലെന്നാണ് കണ്ടെത്തല്‍.
വിവിധ ഏജന്‍സികള്‍ പല കാലങ്ങളില്‍ നടത്തിയ പഠനങ്ങളും മറ്റും വിശദമായി വിലയിരുത്തിയ ശേഷമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ കരട് വിദഗ്ധ സമിതിക്കും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും കൈമാറി. അന്തിമ ധവളപത്രം ഒരാഴ്ചക്കകം നല്‍കും. വിഴിഞ്ഞം തുറമുഖത്തിന് എതിരെ സമരം നടത്തിയവര്‍ മുഖ്യമായും ഉയര്‍ത്തിക്കാട്ടിയത് തുറമുഖ നിര്‍മ്മാണം കാരണം തീരം നശിക്കുന്നു എന്നാണ്. എന്നാല്‍ അതൊക്കെ തെറ്റാണു എന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍.