എറണാകുളത്ത് യുവാവിനെ ഭാര്യ വീട്ടുകാര്‍ അടിച്ചു കൊന്നു

എറണാകുളം ഞാറയ്ക്കലില്‍ യുവാവിനെ ഭാര്യ വീട്ടുകാര്‍ അടിച്ചു കൊന്നു. സംഭവത്തില്‍ ഭാര്യാപിതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തു. എളങ്കുന്നപ്പുഴ സ്വദേശി ബിബിന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് കമ്പി വടികൊണ്ട് അടിയേറ്റ് ആണ് മരണം. ബിബിന്റെ ഭാര്യ വിനിമോളും കസ്റ്റഡിയിലാണ്. പ്രതികള്‍ മൂന്നുപേരും പൊലിസ് കസ്റ്റഡിയിലാണ്. കൊല്ലപ്പെട്ട ബിബിന്‍ ബാബുവിന്റെ ഭാര്യ വിനി മോള്‍, ഭാര്യ സഹോദരന്‍ വിഷ്ണു (28), ഭാര്യ പിതാവ് സതീശന്‍ (60) എന്നിവരെയാണ് ഞാറക്കല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ബിബിനുമായി വഴക്കിട്ട് ഒരാഴ്ചയായി എളങ്കുന്നപ്പുഴയിലുള്ള സ്വന്തം വീട്ടിലായിരുന്നു ഭാര്യ വിനി മോള്‍. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ ഭാര്യ വീട്ടില്‍ എത്തിയ ബിബിന്‍ ബാബു വിനിമോളുമായി വാക്കുതര്‍ക്കമായി. തുടര്‍ന്ന് ഭാര്യ വിനിമോളും സഹോദരനായ വിഷ്ണു, അച്ഛനായ സതീശന്‍ എന്നിവരും ചേര്‍ന്ന് ബിബിനെ മര്‍ദിക്കുകയായിരുന്നു. കമ്പി വടി കൊണ്ട് തലക്കും ശരീര ഭാഗങ്ങളിലും മാരകമായി അടിയേറ്റ ബിബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.