സ്വവര്‍ഗ്ഗ പങ്കാളിയെ ബ്ലാക്ക്മെയിലിംഗ് ചെയ്തു ; യുവാവ് കാമുകനെ കഴുത്തറുത്തുകൊന്ന് കുഴിച്ചിട്ടു
യുവാവ് സ്വവര്‍ഗ പ്രണയിയെ മഴുകൊണ്ട് കഴുത്തറുത്തുകൊന്ന് വയലില്‍ കുഴിച്ചിട്ടു. ഗുജറാത്തിലെ പഞ്ച്മഹലിലാണ് സ്വവര്‍ഗ പ്രണയികള്‍ തമ്മിലുള്ള സംഘര്‍ഷം കൊലപാതകത്തില്‍ എത്തിയത്. ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും നഗ്ന ഫോട്ടോകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ്, കൊലപാതകം നടത്തിയത് എന്നാണ് സംഭവത്തില്‍ പിടിയിലായ യുവാവ് പൊലീസിനോട് പറഞ്ഞത്.
സുരേഷ് പരാമര്‍ എന്നയാളാണ് കഴിഞ്ഞ ആഴ്ച തന്റെ സഹോദരന്‍ സുമനെ കാണാനില്ലെന്ന് പറഞ്ഞ് പഞ്ച് മഹല്‍ പൊലീസിനെ സമീപിച്ചത്. സുമനും റാഞ്ചോദ് രാത്വ എന്നയാളുമായി സ്വവര്‍ഗ പ്രണയം ഉണ്ടായിരുന്നതായും ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായും ഇയാള്‍ പൊലീസില്‍ നല്‍കിയ പരാതയില്‍ സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ആരോപണ വിധേയനായ റാഞ്ചോദ് രാത്വയെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ്, കൊലപാതകത്തിന്റെ അണിയറക്കഥകള്‍ പുറത്തുവന്നത്.
താനും സുമനും തമ്മില്‍ വര്‍ഷങ്ങളായി സ്വവര്‍ഗ പ്രണയത്തിലാണെന്ന് റാഞ്ചോദ് രാത്വ പൊലീസിനോട് പറഞ്ഞു. കുറേ നാളുകളായി തങ്ങള്‍ക്കിടയില്‍ പല തരം പ്രശ്നങ്ങളുണ്ടായിരുന്നു. ഈ പ്രശ്നങ്ങളെ തുടര്‍ന്ന് താന്‍ സുമനെ കൊലചെയ്യുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്. തങ്ങള്‍ തമ്മില്‍ അകന്നു തുടങ്ങിയപ്പോള്‍ സുമന്‍ ഭീഷണിയുമായി വന്നുവെന്ന് റാഞ്ചോദ് രാത്വ പൊലീസിനോട് പറഞ്ഞു. വര്‍ഷങ്ങളായി തങ്ങള്‍ തമ്മില്‍ ശാരീരിക ബന്ധമുണ്ടായിരുന്നു. അതിനിടെ താന്‍ ആ ബന്ധത്തില്‍നിന്നും അകലാന്‍ ശ്രമിച്ചു. ഇത് സുമനെ കുപിതനാക്കി. സുമന്‍ തന്നെ ലൈംഗിക ബന്ധത്തിനായി നിര്‍ബന്ധിച്ചു.
ബലപ്രയോഗത്തിലൂടെ പല വട്ടം കീഴ്പ്പെടുത്തുകയും ചെയ്തു. നഗ്ന ഫോട്ടോകള്‍ ഉപയോഗിച്ച് സുമന്‍ നിരന്തരം ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ആഴ്ചകള്‍ക്കു മുമ്പ്, സുമന്‍ തന്റെ വീട്ടില്‍ വന്ന് തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും കണ്ടതായി റാഞ്ചോദ് പറഞ്ഞു. അന്ന് തങ്ങള്‍ തമ്മില്‍ സ്വവര്‍ഗ പ്രണയത്തിലാണെന്ന് സുമന്‍ തന്റെ ഉറ്റവര്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയത് മന:പ്രയാസമുണ്ടാക്കി. തുടര്‍ന്നാണ് ഒരു വയലില്‍ വിളിച്ചു വരുത്തി സുമന്റെ കഴുത്ത് മഴു കൊണ്ടറുത്ത് പാടത്ത് കുഴിച്ചിട്ടത്.