യുവതിയായി ചമഞ്ഞ് ചാറ്റിങ്ങിലൂടെ യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

യുവതിയാണെന്ന് വിശ്വസിപ്പിച്ച് യുവാവിന് വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിലായി. പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി താഴത്തേതില്‍ മുഹമ്മദ് അദ്‌നാനെ(31) ആണ് പരപ്പനങ്ങാടി പോലീസ് പിടികൂടിയത്. ഏഴുമാസം മുന്‍പാണ് തട്ടിപ്പ് തുടങ്ങിയത്. അനഘ എന്നു പേരുള്ള പെണ്‍കുട്ടിയാണെന്നും അമ്മ അസുഖബാധിതയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാള്‍ പലഘട്ടങ്ങളിലായി അരിയല്ലൂര്‍ സ്വദേശിയായ യുവാവില്‍നിന്ന് മൂന്നുലക്ഷം രൂപയോളം തട്ടിയെടുത്തത്. ഒരേസമയം അനഘ എന്ന പെണ്‍കുട്ടിയായും പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്തായ മുഹമ്മദ് അദ്‌നാനായും രണ്ടു റോളുകളാണ് ഇയാള്‍ കൈകാര്യംചെയ്തിരുന്നത്.

അനഘയാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നതിനായി സോഷ്യല്‍മീഡിയയില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ഇയാള്‍ പരാതിക്കാരന് അയച്ചുനല്‍കി. ഫോട്ടോ കണ്ടു സംശയം തോന്നി ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസിന് പരാതി നല്‍കുകയായിരുന്നു. പരപ്പനങ്ങാടി ഇന്‍സ്പെക്ടര്‍ കെ ജെ ജിനേഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അജീഷ് കെ ജോണ്‍, ജയദേവന്‍, സിവില്‍ പൊലീസ് ഓഫീസമാരായ മുജീബ്, വിബീഷ്, രഞ്ജിത്ത് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.