ത്രിപുര മേഘാലയ നാഗാലന്‍ഡ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
രാജ്യത്തു മൂന്നു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ത്രിപുര, മേഘാലയ, നാഗാലന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതിയാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് രണ്ടിനാണ് ഫലപ്രഖ്യാപനം. മൂന്നു സംസ്ഥാനങ്ങളിലെയും നിയസഭയുടെ കാലാവധി മാര്‍ച്ചിലാണ് അവസാനിക്കുന്നത്. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ ആണ് തിയതികള്‍ പ്രഖ്യാപിച്ചത്. ത്രിപുരയില്‍ ഫെബ്രുവരി 16ന് വോട്ടെടുപ്പ് നടത്തും. വിജ്ഞാപനം ജനുവരി 21ന്. നാമനിര്‍ദേശ പത്രിക 30 വരെ നല്‍കാം. നാഗാലാന്‍ഡിലും മേഘാലയയിലും ഫെബ്രുവരി 27നായിരിക്കും വോട്ടെടുപ്പ്. 31 വരെ നാമനിര്‍ദേശ പത്രിക നല്‍കാം.
300 പോളിങ് സ്റ്റേഷന്റെ മുഴുവന്‍ നിയന്ത്രണം വനിതകള്‍ക്കായിരിക്കും. എല്ലാ പോളിങ് സ്റ്റേഷനിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. ത്രിപുരയില്‍ ബിജെപി സര്‍ക്കാരും മേഘാലയ, നാഗാലന്‍ഡ് സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യസര്‍ക്കാരുമാണ് ഭരിക്കുന്നത്.ഇടതുപക്ഷത്തിന്റെ രണ്ടര പതിറ്റാണ്ട് നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചാണ് 2018-ല്‍ ബിജെപി ത്രിപുര പിടിച്ചെടുത്തത്. മേഘാലയില്‍ 2018ല്‍ കേവലം രണ്ടു സീറ്റില്‍ മാത്രമാണ് ജയിച്ചതെങ്കിലും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യുമായി ചേര്‍ന്ന് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. 2018-ലെ തിരഞ്ഞെടുപ്പിനു മുന്‍പു രൂപീകരിച്ച നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ഡിപിപി)യും ബിജെപിയും ചേര്‍ന്ന സഖ്യമാണ് നാഗാലന്‍ഡില്‍ ഭരണം നടത്തുന്നത്.