പ്രതിഷേധങ്ങളുടെയും ഇടപെടലുകളുടെയും വിജയം : അഡ്വ. ഷോണ്‍ ജോര്‍ജ്

ഈരാറ്റുപേട്ട – വാഗമണ്‍ റോഡിന്റെ റീ-ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത് ജനകീയ പ്രക്ഷോഭങ്ങളുടെയും ശക്തമായ ഇടപെടലുകളുടെയും വിജയമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോണ്‍ ജോര്‍ജ് പറഞ്ഞു. 2022 ഓഗസ്റ്റ് 24ന് നിര്‍മ്മാണ കാലാവധി പൂര്‍ത്തിയായിട്ടും മുന്‍ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്യുവാനോ റീ-ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുവാനോ തയ്യാറാകാതിരുന്ന സര്‍ക്കാര്‍ ബഹുമാനപ്പെട്ട ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായത്.

ശക്തമായ ജനകീയ പ്രക്ഷോഭവും ഇതോടൊപ്പം ഉണ്ടായി. ഇതിന്റെയൊക്കെ പ്രതിഫലനമാണ് അടിയന്തര നടപടികള്‍ക്ക് കാരണമായത്. തുടര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ കരാറുകാരനെ നീക്കം ചെയ്ത് പുതിയ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. മഴക്കാലത്തിനു മുമ്പായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് ശക്തമായ നിരീക്ഷണവും ഇടപെടലുകളും തുടര്‍ന്നും ഉണ്ടാകുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.