ഉറക്കത്തില്‍ കിടക്കയില്‍ മൂത്രമൊഴിച്ച കാമുകനെ യുവതി കുത്തി പരുക്കേല്പിച്ചു

കിടക്കയില്‍ മൂത്രമൊഴിച്ച കാമുകനെ യുവതി കുത്തി പരുക്കേല്പിച്ചു. അമേരിക്കയിലെ ലൂയിസിയാനയിലാണ് സംഭവം. യുവതിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് സമീപത്തെ ഒരു ആശുപത്രിയില്‍ നിന്ന് ആക്രമണ വിവരം പൊലീസിനെ അറിയിച്ചത്. വയറിന്റെ ഇടതുവശത്ത് കുത്തേറ്റ യുവാവിന്റെ ശ്വാസകോശത്തിനു പരുക്കുണ്ടായിരുന്നു. കാമുകി ബ്രയാന ലകോസ്റ്റാണ് തന്നെ ആക്രമിച്ചതെന്ന് ഇയാള്‍ പൊലീസിനു മൊഴിനല്‍കി. കിടക്കയില്‍ മൂത്രമൊഴിച്ചതിനായിരുന്നു ആക്രമണമെന്നും ഇയാള്‍ പറഞ്ഞു.

കിടക്കയില്‍ മൂത്രമൊഴിച്ചതോടെ യുവതി ഇയാളെ വിളിച്ചുണര്‍ത്തി മര്‍ദ്ദിക്കാന്‍ തുടങ്ങി. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ യുവതി അടുക്കളയിലേക്കോടി കത്തിയെടുത്തുകൊണ്ട് വന്ന് ഇയാളെ കുത്തുകയായിരുന്നു. ഇരുവരും തലേന്ന് ഏറെ മദ്യപിച്ചിരുന്നു എന്നും രണ്ടുപേരും മദ്യലഹരിയിലായിരുന്നു എന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. വഴക്കിനിടെ യുവാവ് തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും പ്രതിരോധത്തിനായാണ് താന്‍ യുവാവിനെ കുത്തിയതെന്നും യുവതി പറഞ്ഞു. യുവതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആണ്. യുവാവിന്റെ നിലയില്‍ പുരോഗതി ഉണ്ട് എന്ന് പോലീസ് അറിയിച്ചു.